റായ്പൂര്‍: മാവോയിസ്റ്റുകളെ നേരിടാന്‍ ആദ്യ മാവോയിസ്റ്റ് വിരുദ്ധ വനിതാസേനയെ വിന്യസിച്ചു. ഛത്തീസ്ഗഡിലെ ബസ്തര്‍, ദന്തേവാദ പ്രദേശങ്ങളിലാണ് വനിതാസൈനികരുള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചത്.
‘ദന്തേശ്വരി ഫൈറ്റേഴ്‌സ്’ എന്ന പുതിയ ബറ്റാലിയനില്‍ 30 വനിതാ സൈനികരുണ്ട്. ഇതില്‍ 5 പേര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ഉപേക്ഷിച്ചെത്തിയവരാണ്. ബസ്തര്‍ വനമേഖലയിലെ മാവോയിസ്റ്റുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായതിനാല്‍ ഇവര്‍ക്ക് മാവോവാദികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ഛത്തീസ്ഗഡ് പോലീസ് അടുത്തിടെയാണ് ജില്ലാ റിസര്‍വ് ഗാര്‍ഡിലേക്ക് വനിതാ കമാന്‍ഡോകള്‍ക്ക് നിയമനാനുമതി നല്‍കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് പൂര്‍ണമായും വനിതാ അംഗങ്ങളുടെ സേനയെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്വരി നന്ദിനാണ് സേനയുടെ നേതൃത്വം.
ബസ്തര്‍ മേഖലയിലെ സിആര്‍പിഎഫ് യുവസൈനികര്‍ക്കൊപ്പം യുവതികളെയും ഉള്‍പ്പെടുത്തി ഒരു കൊല്ലം മുമ്പ് ബസ്താരിയ ബറ്റാലിയന്‍ രൂപീകരിച്ചിരുന്നു. ഈ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളാണ് ദന്തേശ്വരി ഫൈറ്റേഴ്‌സിലുള്ളത്.
ദന്തേവാദ മേഖല എസ്പി അഭിഷേക് പല്ലവിന്റെ കീഴിലാണ് ദന്തേശ്വരി ഫൈറ്റേഴ്‌സ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബൈക്കോടിക്കല്‍, നൂതന സാങ്കേതിക വിദ്യ, അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം ഇവയിലെല്ലാം മികച്ച പരിശീലനം നല്‍കി
പോലീസ് സേനയിലെ വനിതാ കമാന്‍ഡോകള്‍ക്കും ദന്തേശ്വരി ഫൈറ്റേഴ്‌സിനും ഉള്‍വനത്തിലെ ഏറ്റുമുട്ടലുകള്‍ക്കായി പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.