ന്യൂഡല്‍ഹി: കാര്‍മേഘങ്ങളുടെ മറവില്‍ പോര്‍ വിമാനങ്ങളെയും തെളിച്ച് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നാലെ മോഡിയുടെ ഇമെയില്‍ അവകാശവാദവും വിവാദത്തില്‍.
1988ല്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെന്നും ഇതു ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ചിത്രമെടുത്ത് ഇ മെയിലിലൂടെ അയച്ചു കൊടുത്തുവെന്നുമാണ് മോഡിയുടെ ഇപ്പോഴത്തെ അവകാശവാദം. മേഘത്തെ മറച്ച റഡാറിനു ട്രോളുകളുടെ പെരുമഴയായിരുന്നു. അതിന്റെ ബഹളങ്ങള്‍ ഒടുങ്ങും മുമ്പുതന്നെ അടുത്ത പരാമര്‍ശം നടത്തിയിരിക്കുന്നത്.
കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ പോര്‍ വിമാനങ്ങള്‍ റഡാറില്‍ പെടില്ല. സമൂഹമാധ്യമങ്ങളില്‍ മോഡി വിരുദ്ധര്‍ ആഘോഷമാക്കിയ പരാമര്‍ശത്തിന് പിന്നാലെയാണ് ഇ മെയില്‍ അവകാശവാദമെത്തുന്നത്. മേഘ പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശവും. അതേസമയം, രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തരുതെന്നായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് സാങ്കേതികവിദ്യയോട് താത്പര്യമുണ്ടായിരുന്നു. 90ല്‍ ടച്ച്സ്‌ക്രീനില്‍ ഉപയോഗിക്കുന്ന പേന വാങ്ങി. 87-88 കാലഘത്ത് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി. ഈ ക്യാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ഫോട്ടോ എടുക്കുകയും അത് ഇമെയിലിലൂടെ അയച്ചുകൊടുത്തുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചത് 1995ല്‍ ആണെന്നും മോഡിയുടെ പ്രസ്താവന കളവാണെന്നും വിമര്‍ശകര്‍ വിശദമാക്കുന്നു. കാലത്തിനും മുന്‍പേ സഞ്ചരിച്ചയാളാണോ മോഡിയെന്നായിരുന്നു കോണ്‍ഗ്രസ് പരിഹാസം. എന്നാല്‍ മോഡിയുടേത് നാക്കുപിഴയെന്നാണ് അനുകൂലികളുടെ വിശദീകരണം. എന്തായാലും മേഘ പരാമര്‍ശത്തിന് പിന്നാലെ ഇമെയില്‍ ട്രോളുകളും പ്രധാനമന്ത്രിക്ക് എതിരെ വ്യാപകമാവുകയാണ്.
Discussion about this post