ഗുവാഹത്തി: മതമല്ല, മനുഷ്യത്വമാണ് വലുതെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ് ആസമിലെ മംഗള്‍ഡോയിയില്‍ നിന്നുള്ള മുസ്ലീം മതവിശ്വാസിയായ പാനാവുള്ള അഹമ്മദ് ഖാന്. ഹിന്ദു യുവാവിന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടി തന്റെ റംസാന് വ്രതം മുറിച്ചാണ് യുവാവ് മാതൃകയായത്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ഈ പുണ്യമാസത്തില്‍ പകല്‍സമയം ആഹാരം ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും.
എന്തുതന്നെ വന്നാലും ഒരു വിശ്വാസിയും നോമ്പ് മുറിക്കാന്‍ തയ്യാറാവുകയില്ല. എന്നാല്‍ അതൊന്നും കണക്കില്‍ എടുക്കാതെയാണ് മതത്തെ തള്ളി മാറ്റി ഈ യുവാവ് മനുഷ്യത്വത്തിന് പ്രധാന്യം നല്‍കിയത്. ദേമാജി ജില്ലയിലെ രഞ്ചന്‍ ഗൊഗോയി എന്നയാളുടെ ജീവന് നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് അഹമ്മദ് നോമ്പ് മുറിച്ചത്. ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഗൊഗോയി. അഹമ്മദിന്റെ സുഹൃത്തായ തപാഷ് ഭഗവതിക്കാണ് രക്തം അന്വേഷിച്ചുള്ള ഫോണ്‍ ആദ്യം വന്നത്.
രക്ത ദാതാക്കളുടെയും സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ‘ടീം ഹ്യുമാനിറ്റി’ എന്ന പ്രസിദ്ധമായ ഫേസ്ബുക്ക് പേജില്‍ അംഗമാണ് ഇരുവരും. ട്യൂമര്‍ നീക്കം ചെയ്ത രോഗിക്ക് അടിയന്തരമായി രക്തം വേണമെന്ന സന്ദേശം എത്തി. ഒരു യൂണിറ്റ് ബി പോസിറ്റീവ് രക്തമാണ് ആവശ്യമായി വന്നത്. ഒട്ടനവധി പേരെ സമീപിച്ചുവെങ്കിലും രക്തം ലഭിച്ചില്ല. ഒടുവില്‍ അഹമ്മദ് രക്തദാനം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. നോമ്പ് പിടിച്ചുകൊണ്ട് രക്തദാനം ചെയ്യുന്നതില്‍ എന്തെങ്കിലും തടസമുണ്ടോ എന്നാണ് അഹമ്മദ് ആദ്യം അന്വേഷിച്ചത്.
മതപണ്ഡിതന്മാര് ഉള്‍പ്പടെയുള്ളവരോട് തിരക്കി. ആഹാരം കഴിക്കാതെ രക്തംദാനം ചെയ്യുന്നത് അപകടമാകും എന്ന് ചിലര്‍ ആരാഞ്ഞു. അങ്ങനെയാണ് നോമ്പ് മുറിച്ച് ഭക്ഷണം കഴിച്ചശേഷം രക്തം നല്കാന് അഹമ്മദ് സ്വയം തയ്യാറായത്. നന്മനിറഞ്ഞ പ്രവര്‍ത്തിക്ക് ഇപ്പോള്‍ രാജ്യം കൈയ്യടിക്കുകയാണ്. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും തമ്മില്‍ തല്ലുന്നവര്‍ക്ക് മാതൃക കൂടിയാണ് അഹമ്മദ്. ഗുവാഹത്തിയിലെ സ്വാഗത് സൂപ്പര്‍ സ്പെഷ്യാലിറ്റി സര്‍ജിക്കല്‍ ആശുപത്രിയിലെ ജീവനക്കാരനാണ് പനാവുള്ള അഹമ്മദ് ഖാന്.
Discussion about this post