തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പിടിപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒന്നരമാസമായി 1450 പോലീസുകാരെയാണ് പത്ത് സംസ്ഥാനങ്ങളില്‍ മാറിമാറി ജോലിക്കിട്ടത്. ഇതില്‍ അറുപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
രോഗം ബാധിച്ച 34 പേരെ തിരിച്ചുവരാന്‍ അനുവദിച്ചു. ബാക്കിയുള്ളവര്‍ ഹരിയാണ, ഹിമാചല്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ബാരക്കില്‍ കിടപ്പിലാണ്. മാര്‍ച്ച് 28-നാണ് 16 കമ്പനി പോലീസുകാരെ കേരളത്തിന് പുറത്തേക്കയച്ചത്. ആന്ധ്രയിലായിരുന്നു ആദ്യം.
തമിഴ്നാട്, ദാമന്‍ ദിയു, കര്‍ണാടക, ഗോവ, ബിഹാര്‍, രാജസ്ഥാന്‍, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലായി മാറിമാറി ജോലിചെയ്തു. തമിഴ്നാട്ടില്‍ നിയോഗിച്ച സംഘം തിരികെയെത്തിയിരുന്നു. എന്നാല്‍, അതേ സംഘത്തെ തന്നെ വീണ്ടും മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുകയായിരുന്നു.
ഹിമാചലില്‍ തണുപ്പും മറ്റിടങ്ങളില്‍ കടുത്ത ചൂടുമായിരുന്നു. മാറുന്ന കാലാവസ്ഥ, ശുദ്ധജലം കിട്ടായ്ക എന്നിവ പലരുടെയും ആരോഗ്യത്തെ ബാധിച്ചു. എന്നാല്‍ മുമ്പ് രണ്ടാഴ്ചയിലധികം കേരളത്തിലെ പോലീസുകാരെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് നിയോഗിക്കാറുണ്ടായിരുന്നില്ല. 45 ദിവസം പത്ത് സംസ്ഥാനങ്ങളിലായി ഡ്യൂട്ടിയിടുന്നത് ഇതാദ്യമാണെന്ന് പോലീസുകാര്‍ പറയുന്നു.