ശ്രീനഗര്‍: ഹൃദയഭേകമായ കാഴ്ചകളാണ് കാശ്മീരിലെ ആപ്പിള്‍ പാടങ്ങളില്‍ നിന്ന് വരുന്നത്. കനത്ത മഞ്ഞുവീഴ്ച മൂലം ഇന്ത്യയുടെ ആപ്പിള്‍ പറുദീസയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ് മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നിറയെ.
ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്.
മഞ്ഞ് വീഴ്ച ശക്തമായതോടെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും താറുമാറായി. ഞായറാഴ്ചയാണ് കനത്ത മഞ്ഞുവാഴ്ച ഉണ്ടായത്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചു വരികയാണ്. പക്ഷെ ദിവസങ്ങളല്ല വര്‍ഷങ്ങള്‍ കഴിഞ്ഞാലും തങ്ങളുടെ സാധാരണ ജീവിതം തിരിച്ചു വരില്ലെന്നാണ് ആപ്പിള്‍ കര്‍ഷകര്‍ പറയുന്നത്. 20 ലക്ഷത്തോളം ആളുകളുടെ ഉപജീവനമായ ആപ്പിള്‍ വ്യാപാര മേഖല തന്നെ തകര്‍ന്നിരിക്കയാണ്. പുതിയ മരങ്ങള്‍ നട്ട് കായ്ക്കാന്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് 16 വര്‍ഷമെങ്കിലും വേണം.
500 കോടിയിലധികം രൂപയുടെ നഷ്ടം കൃഷിക്കാര്‍ക്ക് ഉണ്ടായതായാണ് കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തുന്നത്. 20000 മെട്രിക്ക് ടണ്‍ ആപ്പിളുകളായിരുന്നു ഈ വര്‍ഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയില്‍ നശിച്ചു കഴിഞ്ഞു. മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആപ്പിള്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.