കനത്ത മഞ്ഞുവീഴ്ച, ആഹാരം ലഭിക്കുന്നില്ല; കഴിഞ്ഞ നാല് മാസത്തിനിടയില്‍ സിക്കിമില്‍ ചത്തൊടുങ്ങിയത് മുന്നൂറോളം യാക്കുകള്‍

മുകുതംഗില്‍ മാത്രം 250 യാക്കുകളാണ് ചത്തൊടുങ്ങിയത്

മുകുതംഗ്: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഉത്തരസിക്കിമില്‍ യാക്കുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കനത്ത മഞ്ഞ് വീഴ്ച്ച കാരണം ആഹാരം ലഭിക്കാതെ മുന്നൂറോളം യാക്കുകളാണ് കഴിഞ്ഞ നാല് മാസത്തിനിടയില്‍ സിക്കിമില്‍ മരിച്ചത്.

യാക്കുകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നത് സിക്കിമിലെ മുകുതംഗ്, യുംതംഗ് മേഖലകളിലാണെന്നാണ് നോര്‍ത്ത് സിക്കിം ജില്ലാ മജിസ്‌ട്രേറ്റ് രാജ് യാദവ് പറഞ്ഞത്. മുകുതംഗില്‍ മാത്രം 250 യാക്കുകളാണ് ചത്തൊടുങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സിക്കിമില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ആഹാരം ലഭിക്കുന്നില്ലെന്നും പട്ടിണി കാരണമാണ് ഇവ മരിക്കുന്നത് എന്നുമാണ് അധികൃതര്‍ പറയുന്നത്.

അതേസമയം യാക്കുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുകുതാംഗിലെത്തിയിട്ടുണ്ട്. മേഖലയില്‍ ജീവനോടെ ബാക്കിയുള്ള യാക്കുകള്‍ക്ക് ആവശ്യമായ ഭക്ഷണവുമായാണ് സംഘം എത്തിയത്. ഈ യാക്കുകളുടെ ആരോഗ്യ പരിശോധനയും സംഘം നടക്കും.

സിക്കിമിലെ മുകുതംഗ്, യുംതംഗ് മേഖലകളിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് യാക്കുകള്‍ ചത്തതോടെ ഇല്ലാതായത്. ഇതേ തുടര്‍ന്ന് യാക്കുകള്‍ മരിച്ചതിനെ കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷം ഇവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version