മോഡി, രാഹുല്‍, റാവു, നായിഡു, മമത, മായാവതി..! അറ്റമില്ലാതെ പ്രധാനമന്ത്രി സ്ഥാന മോഹികള്‍; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തമ്മില്‍ തല്ലുമോ?

സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാര്‍ത്ഥികളായും പ്രധാനമന്ത്രി സ്ഥാനമോഹികളുടെ ബാഹുല്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്

ന്യൂഡല്‍ഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമോ യുപിഎ ഭരണം പിടിക്കുമോ? അതോ പ്രതിപക്ഷ കക്ഷികളുടെ മഹാഗഡ്ബന്ധന്‍ ചരിത്രം തിരുത്തി മൂന്നാം കക്ഷിയായി ഭരണത്തിലേറുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പൊതുവെ ഉയരുന്നത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുമപ്പുറം ആരായിരിക്കും പ്രധാനമന്ത്രി എന്നാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാര്‍ത്ഥികളായും പ്രധാനമന്ത്രി സ്ഥാനമോഹികളുടെ ബാഹുല്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇത്രയേറെ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നവരുടെ കൂട്ടം മുമ്പത്തെ ഒരു തെരഞ്ഞെുപ്പിലും ഉണ്ടായിട്ടില്ല.

നരേന്ദ്ര മോഡിയെ തന്നെയാണ് ഇത്തവണയും വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുക എന്നാണ് ബിജെപി നേതൃത്വം പൊതുവെ തുറന്നു പറഞ്ഞിട്ടുള്ളത്. എന്നാല്‍ കേവല ഭൂരിപക്ഷം ബിജെപിക്ക് തനിച്ച് നേടാന്‍ സാധിക്കാതെ പോയാല്‍ പ്രാദേശിക സഖ്യകക്ഷികള്‍ മോഡിക്ക് പകരം നിതിന്‍ ഗഡ്കരിയേയോ അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തേയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചേക്കും. അതിനാല്‍ തന്നെ എന്‍ഡിഎ സഖ്യത്തിന്റെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയാണെന്ന് ഉറപ്പിക്കുക അസാധ്യമാണ്.

കോണ്‍ഗ്രസിന്റെ സ്ഥിതി കുറച്ചുകൂടി പരുങ്ങലിലാണ്. രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നതെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമോ എന്ന കാര്യം സംശയത്തിലാണ്. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ചെറുകക്ഷികളുടെ തലപ്പത്തുള്ള സ്ഥാനമോഹികള്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ തലവേദനയായേക്കും.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിഎസ്പി നേതാവ് കൂടുതല്‍ സീറ്റ് പിടിച്ചാല്‍, പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ കിണഞ്ഞുശ്രമിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. നേരത്തെ തന്നെ തന്റെ അധികാര മോഹം മായാവതി തുറന്നുപറഞ്ഞതുമാണ്. ഒപ്പം എസ്പി നേതാവായ അഖിലേഷ് യാദവിനെ പോലെയുള്ള പ്രമുഖരും മായാവതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തെന്നിന്ത്യയില്‍ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തന്റെ അധികാര മോഹം പരസ്യമാക്കിയിരിക്കുകയാണ്. മറ്റ് കക്ഷികളുമായി ചര്‍ച്ച നടത്തി ഏറെ മുന്നോട്ട് പോവുകയാണ് ചന്ദ്രശേഖര്‍ റാവു. സ്റ്റാലിന്‍, പിണറായി വിജയന്‍,എച്ച്ഡി കുമാരസ്വാമി തുടങ്ങിയവരുമായി ചന്ദ്രശേഖര റാവു ചര്‍ച്ച പൂര്‍ത്തിയാക്കി.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഒട്ടും പിന്നിലല്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാതിലടച്ചിട്ട് ചര്‍ച്ചനടത്തി കഴിഞ്ഞു നായിഡു. പ്രധാനമന്ത്രി സ്ഥാനം തന്നെയാണ് നായിഡുവും ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി ചെറുകക്ഷികളെ തന്നെയാണ് അദ്ദേഹവും കൂട്ടുപിടിക്കുന്നത്.

മമതാ ബാനര്‍ജിയും ഈ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ പിന്നാക്കം പോകാന്‍ സാധ്യതയില്ല. ഒരവസരത്തിനായി കാത്തിരിക്കുകയാണ് മമതയും.

ഇത്തരത്തില്‍ ഏഴോളം പേരാണ് സജീവമായി പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിച്ച് നടക്കുന്നത്. ബിജെപി ഇതര സര്‍ക്കാരാണ് അധികാരത്തിലേക്ക് എത്തുന്നതെങ്കില്‍ പ്രധാനമന്ത്രി ആരാകുമെന്ന സംശയം കുറച്ചുകൂടി കനത്തേക്കും. എന്‍ഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കില്‍ മറ്റൊരു സഖ്യത്തിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ഈ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം കാരണം അസാധ്യമായി തീരുക പോലും ചെയ്‌തേക്കും. ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനാണ് കേന്ദ്രത്തില്‍ സാധ്യത ഉയരുന്നതെങ്കില്‍ ഏറ്റവും വലിയ തലവേദനയാവുക ഈ സ്ഥാനാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ തന്നെയാകും. രാഹുല്‍ ഗാന്ധിയെ തഴഞ്ഞ് മറ്റൊരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെ മൂന്നാംകക്ഷികള്‍ക്ക് മന്ത്രിസഭ രൂപീകരിക്കാനാകുമോ എന്നതും സംശയമാണ്.

ഭരണം മൂന്നാം കക്ഷികളുടെ കൈകളിലേക്ക് എത്തുകയാണെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ചെറുകക്ഷികളുടെ തലപ്പത്തുള്ളവരുടെയെല്ലാം ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനമായതിനാല്‍ തന്നെ, ഇവരില്‍ ആരെങ്കിലും പിന്മാറി മറ്റൊരാള്‍ക്ക് വഴിയൊരുക്കാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉയരാന്‍ പോകുന്നത് ആരായിരിക്കും പ്രധാനമന്ത്രി എന്ന സങ്കീര്‍ണ്ണ സമസ്യയായിരിക്കും.

Exit mobile version