സ്ഥിര ജോലിയില്ല, വിവാഹവും നടക്കുന്നില്ല; ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി യുവാവ്

മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ താന്‍ കടുത്ത നിരാശയിലാണെന്ന് യുവാവ് കത്തില്‍ പ്രധാനമായും പറയുന്നത്.

പൂനെ: വിവാഹം നടക്കുന്നില്ല, ജോലിയും ഇല്ല! ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി യുവാവ്. മാനസിക സംഘര്‍ഷം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് യുവാവ് മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ചത്. പൂനെ സ്വദേശിയായ 35കാരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് കത്തെഴുതിയത്.

മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ താന്‍ കടുത്ത നിരാശയിലാണെന്ന് യുവാവ് കത്തില്‍ പ്രധാനമായും പറയുന്നത്. സ്ഥിരജോലിയില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. വിവാഹാലോചനകള്‍ വന്നെങ്കിലും ജോലി ഇല്ലാത്തതിനാല്‍ അതെല്ലാം ഒഴിവായിപ്പോയെന്നും യുവാവ് കത്തില്‍ കുറിക്കുന്നു. കടുത്ത മാനസികസംഘര്‍ഷത്തിലാണ് താന്‍. അതുകൊണ്ട് ദയാവധത്തിന് അനുമതി നല്‍കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

യുവാവിന്റെ അമ്മയ്ക്ക് 70 വയസ്സും അച്ഛന് 83 വയസ്സും ഉണ്ട്. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവാവിനെ എത്തിച്ചതെന്ന് പോലീസും പറയുന്നു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു. യുവാവിന് കൗണ്‍സലിംഗ് അടക്കമുള്ള സഹായം നല്‍കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം സന്തോഷവാനാണെന്നും പോലീസ് അറിയിച്ചു.

Exit mobile version