ന്യൂഡല്‍ഹി: നര്‍മ്മദാ തീരത്തെ ഏകദാ പ്രതിമയ്ക്ക് ഫണ്ട് ചെലവഴിച്ചത് പൊതുഖജനാവില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ പണത്തിന്റെ സിംഹഭാഗവും വഹിച്ചത്. എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്സത്തയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിച്ചും എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞും പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.
ലാഭവിഹിതത്തില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോര്‍പ്പറേറ്റ് റെസ്പോണ്സിബിലിറ്റി ഫണ്ടായി (സിഎസ്ആര്‍) ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് – 900 കോടി, ഒഎന്‍ജിസി – 500 കോടി, ഭാരത് പെട്രോളിയം – 250 കോടി, ഓയില്‍ ഇന്ത്യ കോര്പ്പറേഷന് – 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് – 250 കോടി, പവര്‍ ഗ്രിഡ് 125 കോടി, ഗുജറാത്ത് മിനറല്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് 100 കോടി, എഞ്ചിനിയേഴ്സ് ഇന്ത്യ – 50 കോടി, പെട്രോനെറ്റ് ഇന്ത്യ – 50 കോടി, ബാല്‍മര്‍ ലോറി – 50 കോടി എന്നിങ്ങനെയാണ് പ്രതിമയ്ക്ക് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്കിയ സിഎസ്ആര്‍ ഫണ്ട് ഫലത്തില്‍ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമായി വരുമെന്നിരിക്കെ പ്രതിമ നിര്‍മ്മിച്ച നടപടിയില്‍ ഇതോടെ വിവാദം കത്തുകയാണ്. ഗുജറാത്തിലാണ് 182 മീറ്റര്‍ ഉയരമുള്ള സര്‍ദാല്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, ഫണ്ട് നല്കിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മേല്‍ കംണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പിടി വീണിട്ടുമുണ്ട്. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് സിഎസ്ആര്‍ ഫണ്ട് ‘സ്റ്റാച്യൂ ഫോര്‍ യൂണിറ്റി’യുടെ നിര്‍മ്മാണത്തിനായി കൈമാറിയെന്ന് കണ്ടെത്തിയത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണ് ഈ കമ്പനികള്‍ ഫണ്ട് കൈമാറിയിരിക്കുന്നത്. ദേശീയ പൈതൃകം, കല, സംസ്കാരം എന്നിവ സംരക്ഷിക്കാന്‍ ചെലവാക്കിയ പണമായി ഇതിനെ കാണാനാവില്ലെന്ന് സിഎജി നേരത്തെ വ്യക്തമാക്കിയിരുന്നു. 2013 ലെ കമ്പനി നിയമപ്രകാരം ഷെഡ്യൂള്‍ ഏഴില്‍ വരുന്നതാണ് ഇത്തരം ചെലവിടലുകള്‍. എന്നാല്‍ പട്ടേല്‍ പ്രതിമ ഒരു പൈതൃക ആസ്തിയല്ലാത്തതിനാല് ഏഴാം ഷെഡ്യൂള്‍ ബാധകമാവില്ലെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിശദമായ റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റിന് നല്‍കിയിരുന്നു.
Discussion about this post