ശ്രീനഗര്‍: രാജ്യത്തെ ആശങ്കയിലാഴ്ത്തി ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രവിശ്യയുണ്ടാക്കി എന്നാണ് ഐഎസ് അവകാശപ്പെടുന്നത്. ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐഎസ് ഇക്കാര്യം പുറത്തുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയിലെ ഐഎസ് പ്രവിശ്യയ്ക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്നും കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അംഷിപോറ പട്ടണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഐഎസ് നാശനഷ്ടം വരുത്തിയതായും ഈ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫിയെന്ന ഭീകരന് കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ച ജമ്മുകാശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്നാണ് ഐഎസ് അവകാശവാദം.
നേരത്തെ, ഇറാഖിലും സിറിയയിലും ‘ഖലീഫ ഭരണം’ അവസാനിപ്പിച്ചതായി ഏപ്രിലില്‍ ഐഎസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കാശ്മീരില്‍ പ്രവിശ്യയ്ക്ക് രൂപം കൊടുത്തതായി ഐഎസ് പറയുന്നത്.
Discussion about this post