ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നോട്ടീസ് ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസയച്ചത്.
അതിഷിക്കെതിരെ ജാതി അധിക്ഷേപം അടക്കം നടത്തിയെന്ന് ആരോപിച്ച് അതിഷി മെര്‍ലീന ഉയര്‍ത്തിയ പരാതി തെരഞ്ഞെടുപ്പ് മുഖത്ത് അവസാന മണിക്കൂറുകളില്‍ ചൂടേറിയ ചര്‍ച്ചയാണ്. മാപ്പ് പറഞ്ഞ് പത്രത്തില്‍ പരസ്യം നല്‍കിയില്ലെങ്കില്‍ നിയമ നടപടി തുടരുമെന്ന് വ്യക്തമാക്കിയാണ് ആം ആദ്മിയുടെ നോട്ടീസ്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സ്വഭാവമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരോപിച്ച് കെജരിവാളിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ ആക്രമണം കടുപ്പിക്കുകയാണ്.
അതേസമയം, ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗൗതം ഗംഭീര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, അതിഷി എന്നിവര്‍ക്കാണ് ഗംഭീര്‍ നോട്ടീസ് അയച്ചത്. അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് എഎപി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചതിന് പിന്നാലെയാണ് ഗംഭീറിന്റെ നടപടി. ഈ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ഗംഭീറിന്റെ ആവശ്യം.
Discussion about this post