ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക ഹൈക്കോടതി നല്‍കി സുപ്രീം കോടതി ഉത്തരവ്. അടുത്ത വര്‍ഷം മുതലായിരിക്കും ഉത്തരവ് നടപ്പില്‍ വരുന്നത്. ജനുവരി ഒന്നിന് ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തെ 25ാമതു ഹൈക്കോടതിയാകും. സംസ്ഥാന തലസ്ഥാനമായ അമരാവതിയില്‍ ജസ്റ്റിസ് സിറ്റി സമുച്ചയം പണിതീരും വരെ താല്‍ക്കാലിക കെട്ടിടത്തിലാകും പ്രവര്‍ത്തനം.
ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു 2019 ജനുവരി ഒന്നുമുതല്‍ ആന്ധ്രയ്ക്കു പുതിയ ഹൈക്കോടതി അനുവദിച്ച് ഉത്തരവായത്. 2014 ജൂണ്‍ 2നു സംസ്ഥാന വിഭജനത്തിനുശേഷവും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പൊതുഹൈക്കോടതിയാണ്.
ഹൈദരാബാദില്‍ നിലവിലുള്ള ഹൈക്കോടതി ഇനി തെലങ്കാന ഹൈക്കോടതിയാകും. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ താല്‍ക്കാലിക മന്ദിരം ഡിസംബര്‍ 15നു സജ്ജമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.