ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും ഐഎന്‍എസ് വിരാടില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്ന മോഡിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഐഎന്‍എസ് വിരാട് വിമാനവാഹിനി കപ്പലാണെന്നും അതില്‍ ആരെങ്കിലും അവധിക്കാലം ആഘോഷിക്കുമോ എന്നും രാഹുല്‍ ചോദിച്ചു.
രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഔദ്യോഗികമായിരുന്നുവെന്നും ഇക്കാര്യം നേവിയോട് ചോദിച്ച് തീര്‍പ്പാക്കാവുന്നതാണെന്നും രാഹുല്‍ പറഞ്ഞു. മോഡിയുടെ ഭാവിയിലേക്കും വര്‍ത്തമാന കാലത്തിലുമുള്ള വാതില്‍ തങ്ങള്‍ അടച്ചിരിക്കുകയാണ് അതുകൊണ്ടാണ് അദ്ദേഹം പുറകിലേക്ക് ഓടുന്നത്. അധികം വൈകാതെ അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ വാതിലും തങ്ങള്‍ അടയ്ക്കുമെന്ന് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോഡി രാജീവ്ഗാന്ധിയും കുടുംബവും ലക്ഷദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ ഐഎന്‍എസ് വിരാടില്‍ പോയെന്നും ഇതില്‍ ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയുടെ ബന്ധുക്കളും ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
അതേസമയം, മോഡിയുടെ ഈ ആരോപണം തെറ്റാണെന്ന് നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ രാംദാസ് പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് സമ്മാനദാനം നിര്‍വഹിച്ച ശേഷം ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് രാജീവ് ഗാന്ധി ലക്ഷദ്വീപിലേക്ക് പോയതെന്നും അന്ന് കൊച്ചിയില്‍ ദക്ഷിണ നാവികസേനാ കമാന്‍ഡ് മേധാവിയായിരുന്ന താനും കപ്പലിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശികള്‍ കപ്പലില്‍ കയറിയെന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post