ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വൈസ് അഡ്മിറല്‍.
രാജീവ് ഗാന്ധിയും കുടുംബവും ഐഎന്‍എസ് വിരാടില്‍ ലക്ഷദ്വീപിലേക്ക് വിനോദയാത്ര നടത്തിയെന്നായിരുന്നു ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡിയുടെ ആരോപണം. എന്നാല്‍ മോഡിയുടെ വാദങ്ങള്‍ കള്ളമാണെന്നും ഗാന്ധി കുടുംബം ഔദ്യോഗിക സന്ദര്‍ശനമായിരുന്നു നടത്തിയതെന്നും അന്ന് ഐഎന്‍എസ് വിരാടിലുണ്ടായിരുന്ന വൈസ് അഡ്മിറല്‍ വിനോദ് പാസ്രിച്ച പറഞ്ഞു.
കൂടാതെ ഗാന്ധി കുടുംബത്തിനൊപ്പം വിദേശ സന്ദര്‍ശകരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുലും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
അമിതാഭ് ബച്ചനും സോണിയാഗാന്ധിയുടെ കുടുംബവും കപ്പലില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു മോഡിയുടെ ആരോപണം. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു. സമാന രീതിയില്‍ ഹോംഗ്കോംഗ് സന്ദര്‍ശന സമയത്ത് ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന്റെ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധിയുടെ ബന്ധുക്കള്‍ പോലും കപ്പലില്‍ യാത്രക്കുണ്ടായിരുന്നുവെന്നും അവധി ആഘോഷം കഴിഞ്ഞ് രാജീവും കുടുംബവും തിരികെ വരും വരെ പത്ത് ദിവസം ഐഎന്‍എസ് വിരാട് കാത്തു കിടന്നെന്നുമായിരുന്നു മോഡിയുടെ ആരോപണം.നാവിക സേനാ ഉദ്യോഗസ്ഥരും ദ്വീപില്‍ സേവനം ചെയ്തുവെന്നും മോഡി റാലിയില്‍ പറഞ്ഞിരുന്നു.
Discussion about this post