ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചു കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നോട്ടീസ് വിതരണം ചെയ്തതായി ആരോപണം. എഎപി സ്ഥാനാര്‍ത്ഥി അതിഷിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
ഗൗതം ഗംഭീര്‍ തന്നെക്കുറിച്ച് അധിക്ഷേപകരമായ നോട്ടീസ് വിതരണം ചെയ്തെന്നും, വായിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്ന തരത്തില്‍ അങ്ങേയറ്റം മോശമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും അതിഷി ആരോപിച്ചു. തന്നെ പോലൊരു സ്ത്രീയെ തോല്‍പ്പിക്കാന്‍ ഇത്രത്തോളം തരംതാഴുന്ന ഗംഭീര്‍ എംപിയായാല്‍ സ്ത്രീ സുരക്ഷയുടെ കാര്യം എന്താവുമെന്നാണ് അതിഷി ചോദിച്ചത്.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത് എത്തി. ഗൗതം ഗംഭീര്‍ ഇത്രത്തോളം തരംതാഴുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം മനോഭാവമുള്ള ആളുകളെ വോട്ടു ചെയ്തു ജയിപ്പിച്ചാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
‘അതിഷി, ധൈര്യമായിരിക്കൂ, നിങ്ങളെ സംബന്ധിച്ച് അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഇത്തരം ശക്തികളെയാണ് നമുക്ക് എതിരിടാനുള്ളത്. ‘ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post