ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തെ പോലെയുള്ള മാസ്മരിക പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും അടിയുറച്ച് വിശ്വസിക്കുമ്പോഴും ഭരണം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടലെന്ന് സൂചന. കോണ്‍ഗ്രസിന്റെ നില 2014നേക്കാള്‍ ഏറെ മെച്ചപ്പെടുമെന്നും പ്രാദേശിക പാര്‍ട്ടികള്‍ മിക്കയിടത്തും മേല്‍ക്കൈ നേടുമെന്നും പ്രവചനമുണ്ടെങ്കിലും ബിജെപിയുടെ ആത്മവിശ്വാസത്തിന് കോട്ടമൊന്നും ഉണ്ടായിട്ടില്ല. ഇത്തവണയും മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് സാധിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരവുമുണ്ട്.
ഇതിനിടെ, ബിജെപിക്ക് പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്യാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍, ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത് ബിജെപിക്ക് ആശ്വാസം പകരുന്നതാണ്. ഭരണം പിടിക്കുമെന്ന് എന്‍ഡിഎ ഉറച്ച് വിശ്വസിക്കുന്നതും അതുകൊണ്ട് തന്നെ.
ലോക്സഭയില്‍ 200-220 സീറ്റുകള്‍ എന്‍ഡിഎ സഖ്യം അല്ലെങ്കില്‍ ബിജെപി ഒതുങ്ങുമെന്നും ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനേ ബിജെപിക്ക് സാധിക്കൂ എന്നും പാര്‍ട്ടി നേതൃത്വം തന്നെ ഇടയ്ക്ക് പറയാതെ പറയുന്നുണ്ട്. ഒറ്റയ്ക്ക് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും കേന്ദ്രഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആര്‍എസ്എസിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്‍ഡിഎ കക്ഷിക്ക് ഭരണം ലഭിക്കാനായി ആര്‍എസ്എസ് നിരവധി പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ ചെറു കക്ഷികളെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താമെന്നാണ് ആര്‍എസ്എസിന്റെ ഒന്നാമത്തെ തന്ത്രം. ഇതിനായി ചില ചെറിയ പ്രദേശിക നേതൃത്വങ്ങളെ ആര്‍എസ്എസ് കണ്ടുവെച്ചിട്ടുമുണ്ട്. ജഗമോഹന്‍ റെഡ്ഢി, ചന്ദ്രശേഖര്‍ റാവു, മായാവതി തുടങ്ങി മോഡിയുടെ ഏറ്റവും വലിയ വിമര്‍ശകയായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വരെ ആര്‍എസ്എസിന്റെ നോട്ടവലയത്തിലുണ്ട്. അധികാരം പങ്കുവെക്കാനുള്ള ധാരണയുമായി സമീപിപ്പിച്ചാല്‍ ഇവരില്‍ ആരും മുഖം തിരിക്കില്ലെന്ന് ആര്‍എസ്എസ് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. മൂന്നാം മുന്നണിക്കായി ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചന്ദ്രശേഖര്‍ റാവുവും ജഗമോഹന്‍ റെഡ്ഢിയും ബിജെപി ചായ്വ് മുമ്പ് കാണിച്ച വ്യക്തികളായതിനാല്‍ തന്നെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.
മമതാ ബാനര്‍ജിയെ ഒപ്പം നിര്‍ത്താനായി ബിജെപി കിണഞ്ഞുശ്രമിക്കുന്നതും ഈ തെരഞ്ഞെടുപ്പ് കാലത്ത് ദൃശ്യമായിരുന്നു. പശ്ചിമ ബംഗാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോഡി ‘ദീദിക്കൊപ്പം ഇപ്പോള്‍ നില്ക്കുന്നവര് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദീദിക്ക് ഒപ്പം ഉണ്ടാകണമെന്നില്ലെന്നും, അവര്‍ ഞങ്ങള്‍ക്കൊപ്പം ആയിരിക്കാം ആ സമയത്തെന്നും’ ഓര്‍മ്മിപ്പിച്ചത്, ഈ അടിയൊഴുക്ക് സാധ്യത മുന്നില്‍ കണ്ടാണ്. തൃണമൂല്‍ എംപിമാരെ പോലും തങ്ങള്‍ക്ക് ചാക്കിട്ട് പിടിക്കാന്‍ സാധിക്കുമെന്ന് മോഡി ഈ പ്രസംഗത്തിലൂടെ പരസ്യമായി പ്രഖ്യാപിച്ചതായി കണക്കാക്കാവുന്നതാണ്.
പര്‍ച്ചേയ്സ് പൊളിറ്റിക്സ് അഥവാ എതിര് പാളയത്തില്‍ നിന്നും എംപിമാരെ വിലകൊടുത്ത് വാങ്ങി സ്വന്തം പാര്‍ട്ടിയിലെത്തിക്കുന്നത് ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. എന്നതിനാല്‍ തന്നെ, കേവല ഭൂരിപക്ഷത്തിനായി പണമെറിഞ്ഞുള്ള കളിക്കും എന്‍ഡിഎ കോപ്പ് കൂട്ടുന്നുണ്ട്.
കൂടാതെ, തെരഞ്ഞെടുപ്പിന് ശേഷം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലുള്ള എംപിമാരെ പണംകൊടുത്തും വാഗ്ദാനങ്ങള്‍ നല്‍കിയും ഒപ്പം കൂട്ടുന്നതിനൊപ്പം മറ്റ് തന്ത്രങ്ങളും ആര്‍എസ്എസ് ആവിഷ്കരിച്ചു കഴിഞ്ഞു. മുമ്പ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിനൊപ്പം പോയ ഒരുപാട് പേര് ഇപ്പോള്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും വിജയിച്ചു കഴിഞ്ഞാല്‍ അവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും ബിജെപിയും ആര്‍എസ്എസും കണക്കുകൂട്ടുന്നു. കേഡര്‍ സംഘടനയായതിനാല്‍ തന്നെ ആര്‍എസ്എസ് വേരുകളുള്ള വ്യക്തിയെ എതിര് പാളയത്തില്‍ നിന്നായാലും നിര്‍ബന്ധിച്ച് തിരിച്ചെത്തിക്കാമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
അതേസമയം, ഇത്തരത്തില്‍ കേവല ഭൂരിപക്ഷം തനിച്ച് ലഭിക്കാതെ തട്ടിക്കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നാല്‍ മോഡിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനായേക്കില്ല എന്നതാണ് ശ്രദ്ധേയം. മോഡിയേക്കാള്‍ ആര്‍എസ്എസിന് അഭിമതനായ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയാണ് തെളിഞ്ഞു കാണുന്നത്. ആര്‍എസ്എസ് കേന്ദ്രത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന നിതിന്‍ ഗഡ്കരിയെ ആര്‍എസ്എസ് മുന്നില്‍ നിര്‍ത്തിയാല്‍ അത്ഭുതപ്പെടാനില്ല.
എങ്കിലും, പ്രാദേശിക കക്ഷികളുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതെങ്കില്‍ ബിജെപിക്ക് തന്നെ ഒരുപക്ഷെ, പ്രധാനമന്ത്രി സ്ഥാനം ലഭിച്ചേക്കില്ല. പ്രധാനമന്ത്രി മോഹികളായ ഒട്ടേറെ നേതാക്കള്‍ മുന്നില്‍ നിന്നും നയിക്കുന്ന കക്ഷികള്‍ എന്‍ഡിഎ ഭരണത്തിന് ചുക്കാന്‍ പിടിച്ചാല്‍ മോഡിക്ക് വീണ്ടും ക്ഷീണമാകും.
Discussion about this post