നാലുവര്‍ഷം, 300 കിലോയില്‍ നിന്ന് 86 ലേയ്ക്ക്! ഏഷ്യയിലെ ഏറ്റവും ഭാരംകൂടിയ വനിത സാധാരണ ജീവിതത്തിലേക്ക് എത്തിയതിനു പിന്നില്‍

വണ്ണം കൂടിവരുന്നതിന് അനുസരിച്ച് പല അസുഖങ്ങളും അമിതയെ തേടിയെത്തി. വിടാതെ പിടികൂടിയത് ശ്വാസതടസം ആയിരുന്നു.

മുംബൈ: നാലുവര്‍ഷത്തെ പരിശ്രമത്തില്‍ ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത സാധാരണ ജീവിതത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. 42-കാരിയായ അമിത രജാനി എന്ന യുവതിയാണ് അമിത വണ്ണത്തില്‍ നിന്നും അമ്പരപ്പിക്കുന്ന മാറ്റത്തിലേയ്ക്ക് എത്തിയത്. മൂന്നോ നാലോ ആളുടെ സഹായമില്ലാതെ അമിതയ്ക്ക് ഒരടി പോലും ഇറങ്ങാനാകില്ലായിരുന്നു. ഇപ്പോള്‍ ആ കഷ്ടതയില്‍ നിന്ന് തിരികെ എത്തിയിരിക്കുകയാണ്. 300കിലോ ഉണ്ടായിരുന്നത് നാല് വര്‍ഷത്തെ പരിശ്രമം കൊണ്ട് 86ലേയ്ക്ക് എത്തിച്ചിരിക്കുകയാണ്.

മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായാണ് അവരെ സാധാരണ നിലയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോള്‍ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോ ആയിരുന്നു. പക്ഷേ ആറാം വയസ്സിലേക്ക് കടന്നതോടെ തൂക്കം പതിയെ പതിയെ കൂടുവാന്‍ തുടങ്ങി. 16 വയസ് ആയപ്പോഴേയ്ക്കും 126 കിലോ ആയി. ഇതോടെ കടുത്ത നിരാശയിലായി. വണ്ണം കൂടിവരുന്നതിന് അനുസരിച്ച് പല അസുഖങ്ങളും അമിതയെ തേടിയെത്തി. വിടാതെ പിടികൂടിയത് ശ്വാസതടസം ആയിരുന്നു. പലപ്പോഴും ഓക്‌സിജന്‍ വേണമെന്നായി. 2007 മുതല്‍ കിടന്ന കിടപ്പിലുമായി.

ആ കിടപ്പ് എട്ടു വര്‍ഷത്തോളവും നീണ്ടു. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകള്‍ ഉപയോഗിക്കേണ്ടതായി വന്നു. ലീലാവതി ഹോസ്പിറ്റലില്‍ ഡോ. ശശാങ്ക് ഷായെ കാണാന്‍വേണ്ടിമാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം അമിത പുറത്തിറങ്ങിയത്. വാതില്‍ പൊളിച്ചുമാറ്റി ഒരു ആംബുലന്‍സില്‍ വലിയൊരു സോഫ അമിതയ്ക്കുവേണ്ടി പണിതുറപ്പിക്കുകയായിരുന്നു. ഇതിലിരുത്തിയാണ് അമിതയെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ പ്രത്യേകം കട്ടിലും കിടക്കയും ഒരുക്കി. ശസ്ത്രക്രിയയ്ക്ക് മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍. ശസ്ത്രക്രിയ തന്നെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. 2015-ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കുവാന്‍ ആരംഭിച്ചു. ഇത് നല്‍കിയത് വലിയ പ്രതീക്ഷയായിരുന്നു. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു.

‘ഇപ്പോള്‍ എനിക്ക് സാധാരണ ഒരാള്‍ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യാം’- സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമിത പങ്കുവെച്ചു. വര്‍ഷങ്ങളായി അമിതയുടെ നിഴല്‍പോലെ ജീവിക്കുകയായിരുന്നു അമ്മ മംമ്ത രജാനി. ‘ഞാന്‍ ഇല്ലാതെ അവള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടു. ആയുര്‍വേദമുള്‍പ്പെടെ പരീക്ഷിച്ചു. മന്ത്രവാദംവരെ നടത്തി. അവസാനം രക്ഷകനെപ്പോലെ ഡോ. ശശാങ്ക് ഷാ എത്തി. 35 ലക്ഷത്തോളം രൂപ ചെലവായി’- മംമ്ത രജാനി പറയുന്നു.

Exit mobile version