നോയിഡ: സിബിഎസിയുടെ പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ ഉന്നത വിജയവും. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. സമീക്ഷിത റൗട്ട് എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷ് പേപ്പറില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ഇംഗ്ലീഷില്‍ സമീക്ഷിത റൗട്ടിന് 82 മാര്‍ക്ക് ഉണ്ടായിരുന്നു.
ഇംഗ്ലീഷ് പരീക്ഷ എഴുതി വന്ന ദിവസം മുതല്‍ സമീക്ഷിത ആകെ വിഷമത്തിലായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പിതാവായ ശരത്ത് റൗട്ട് ജോലിസ്ഥലത്തും, അമ്മ നിര്‍മ്മല ഒരു ബന്ധുവീട്ടിലും പോയ സമയത്താണ് സമീക്ഷിത ആത്മഹത്യ ചെയ്തത്. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ സമീക്ഷയുടെ സ്‌കൂളിലെ അധ്യാപകര്‍ ഫലം പരിശോധിച്ചു. അപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ഒന്നും എഴുതിയില്ലെന്ന് പറഞ്ഞ ഇംഗ്ലീഷ് പേപ്പറില്‍ കുട്ടിക്ക് 82 മാര്‍ക്ക്. സമീക്ഷയുടെ ഫലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പേപ്പറും ഇംഗ്ലീഷാണ്. നോയിഡ സെക്ടര്‍ 63ലെ ന്യൂ സൈനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സമീക്ഷ.