ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഇത്തവണ ഭരണം കൈവിട്ടുപോകുമെന്ന ആശങ്ക വിട്ടൊഴിയാതെ ഭീതിയില്‍ ചുറ്റിത്തിരിഞ്ഞ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പുല്‍വാമയും ബലാക്കോട്ട് ആക്രമണവും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശ്ശനമായി വിലക്കുകയായിരുന്നു. ഇതോടെ പ്രചാരണ ആയുധം നഷ്ടപ്പെട്ട ബിജെപി ഇടയ്ക്കൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തെ മറികടന്നിരുന്നെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ ചട്ടലംഘനത്തെ ഭയക്കുന്ന സ്ഥിതിയിലാവുകയായിരുന്നു.
ഇതിനിടെ ഏഴ് ഘട്ട വോട്ടെടുപ്പിലെ ആദ്യത്തെ ഘട്ടങ്ങള്‍ തീര്‍ന്നതോടെ വീണ്ടും ബിജെപി പ്രതിരോധത്തിലായി തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ശക്തമായ പ്രചാരണം ബിജെപിക്ക് പ്രതിരോധിക്കാന്‍ പഴയ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കേണ്ടിയും വന്നു. ഇതിന്റെ പേരിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായി.
ഒടുവില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ദേശീയനേതാക്കള്‍ കൂട്ടത്തോടെ പ്രചാരണരംഗത്തേക്ക് പാഞ്ഞെത്തിയിരിക്കുകയാണ്. നാല് ലോക്സഭാ മണ്ഡലങ്ങള്‍ മാത്രമുള്ള ഹിമാചല്‍ പ്രദേശില്‍ മാത്രം അഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളാണ് ബിജെപി നടത്തുന്നത്. അതും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഉള്‍പ്പെടുത്തി.
മെയ് 12ന് ഏഴ് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്കും മേയ് 19ന് എട്ട് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്. 118 സീറ്റുകളിലേക്കായി മാത്രം ബിജെപി നടത്തുന്ന പ്രചാരണ തയ്യാറെടുപ്പുകള്‍ അവരുടെ ഭീതിയെ വിളിച്ചോതുന്നതാണ്.
Discussion about this post