ന്യൂഡല്‍ഹി: പ്രതിപക്ഷം ഉയര്‍ത്തിയ രണ്ട് തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വിവാദം മുറുകിയിട്ടും കാരണം വിശദീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിഞ്ഞുമാറുന്നതും വിവാദമാവുകയാണ്. 17ാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ എട്ട് ക്ലീന്‍ ചിറ്റുകളാണ് മോഡിക്ക് ഇതുവരെ ലഭിച്ചത്. കോണ്‍ഗ്രസ് മോഡിക്കെതിരെ ചൂണ്ടിക്കാണിച്ച എട്ടുപരാതികളും കമ്മീഷന് തള്ളിയതോടെ വിവാദത്തിനും ചൂടേറി. ഇനി ആറ് പരാതികളില്‍ കൂടി വിധി വരാനുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനംഗം അശോക് ലവാസ ഈ ക്ലീന്‍ ചിറ്റ് നല്‍കാനുള്ള തീരുമാനങ്ങളോട് വിയോജിച്ചെങ്കിലും ഭൂരിപക്ഷ അംഗങ്ങളും മോഡിക്ക് അനുകൂലമായി നിലകൊള്ളുകയായിരുന്നു.
രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തിനെതിരായ വര്‍ഗ്ഗീയ പരാമര്‍ശവും രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായാണെന്ന വിവാദവാദവും ഉള്‍പ്പടെയുള്ള ഏഴ് പരാമര്‍ശങ്ങള്‍ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കുകയായിരുന്നു. എതിരാളികളെ അപമാനിച്ചും ബാലാകോട്ട് ആക്രമണം പരാമര്‍ശിച്ചും വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയുമുള്ള വോട്ട് പിടുത്തം ചട്ടലംഘനമല്ലെന്നാണ് എട്ടാമതും തെരഞ്ഞെടുപ്പ് കമ്മീഷന് വിധിച്ചിരിക്കുന്നത്.
ഏറ്റവും ഒടുവിലായി ഈ ചൊവ്വാഴ്ച രാജീവ് ഗാന്ധിക്കെതിരായ മോഡിയുടെ പരാമര്‍ശവും ചട്ടലംഘനമല്ലെന്ന് വിധിച്ചത് ഏറെ വിവാദമായി. ഈ വിവാദങ്ങള്‍ക്കെല്ലാം കാരണം എന്തുകൊണ്ടാണ് മോഡിക്കും അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുടരെ ക്ലീന്‍ ചിറ്റ് നല്കുന്നു എന്ന ചോദ്യമാണ്. ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ കാരണം ഇതുവരെ കമ്മീഷന് വിശദീകരിക്കാത്തതും വിവാദങ്ങള്‍ക്ക് കനം കൂട്ടുന്നു. മോഡി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നടത്തിയ ഏഴ് പരാമര്‍ശങ്ങളും ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് ദിനത്തില്‍ നടത്തിയ റോഡ് ഷോയുമാണ് ചട്ടലംഘനമല്ലെന്ന് വിധിക്കപ്പെട്ടത്. നേരത്തെ, മോഡിക്കെതിരായ കോണ്‍ഗ്രസിന്റെ പരാതികളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.എങ്കിലും 18ദിവസങ്ങളെടുത്താണ് കമ്മീഷന് മോഡിക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
ഇതിനിടെ, തന്റെ വിയോജിപ്പ് പരസ്യമാക്കണമെന്ന കമ്മീഷനംഗം അശോക് ലവാസയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതും ബിജെപിക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കുന്നതാണ്. വാര്‍ധ, നാന്ദേഡ്, ലാത്തൂര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെ മോഡിയുടെ പ്രസംഗങ്ങളോടാണ് ലവാസ വിയോജിച്ചത് എന്നാണ് സൂചന. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലമായതു കൊണ്ടാണെന്ന വാദവും ബലാക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പേരില്‍ ബിജെപിക്ക് വോട്ടഭ്യര്ത്ഥിച്ചതുമാണ് ഈ പ്രസംഗങ്ങളെ വിവാദത്തിലാക്കിയത്. ഇതിലും നിസാരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതിപക്ഷ കക്ഷികളിലെ നേതാക്കള്‍ക്ക് എതിരെ കമ്മീഷന് ശക്തമായ നടപടിയാണ് എടുത്തിട്ടുള്ളത്. ബിജെപിയുടെ തന്നെ യോഗി ആദിത്യനാഥിനെയും മനേകാ ഗാന്ധിയേയും പ്രജ്ഞ സിങ് താക്കൂറിനേയും പ്രചാരണങ്ങളില്‍ നിന്ന് വിലക്കാനും കമ്മീഷന് മടിച്ചില്ല. എന്നാല്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തിയ മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും തൊടാന്‍ മടിക്കുകയാണ് കമ്മീഷന്. തെരഞ്ഞെടുപ്പ് കമ്മീഷന് എന്നപേരുമാറ്റി ബിജെപി കമ്മീഷന് എന്നാക്കികൂടേയെന്ന് സോഷ്യല്‍മീഡിയയും വിമര്‍ശിക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ‘ഭൂരിപക്ഷ സമുദായം കൂടുതലുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയന്നിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നും ഹിന്ദു ഭീകരവാദം എന്ന പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസുകാര്‍ ഹിന്ദുക്കളെ ലോകത്തിനു മുന്നില്‍ അപമാനിച്ചു എന്നുമണ് മോഡി പ്രസംഗിച്ചത്. ആറ് ദിവസങ്ങള്‍ക്കപ്പുറം മഹാരാഷ്ട്രയിലെ തന്നെ നന്ദേഡില്‍ ‘ഭൂരിപക്ഷാംഗംങ്ങള് ന്യൂനപക്ഷമായ സീറ്റ് കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസ് മൈക്രോസ്കോപ് ഉപയോഗിച്ചു എന്ന വിവാദ പരാമര്‍ശവും മോഡി നടത്തി.
ഏപ്രില്‍ 9ന് മഹാരാഷ്ട്രയിലെ ലാത്തൂരിലും കര്‍ണാടകയിലെ ചിത്രദുര്ഗിലും കന്നിവോട്ടര്‍മാര്‍ ബാലാക്കോട്ട് ആക്രമണം നടത്തിയ വീരജവാന്മാര്ക്കും പുല്‍വാമയില്‍ മരിച്ച രക്തസാക്ഷികള്‍ക്കുമായി ആദ്യ വോട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട്
വീണ്ടും മോഡി വിവാദനായകനായി.
ഏപ്രില്‍ 21ന് രാജസ്ഥാനിലും 25ന് വാരണാസിയിലും ബലാക്കോട്ടിലെ ആക്രമണവും ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരും എടുത്ത് പറഞ്ഞ് മോഡി വോട്ടഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 23ന് അഹമ്മദാബാദ് മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ ചട്ടലംഘനമാണോ എന്ന കാര്യത്തില്‍ ഇതുവരെ കമ്മീഷന് തീരുമാനം എടുത്തിട്ടില്ല.
അതേസമയം, മേയ് 4ന് യുപിയിലെ പ്രതാപ്ഗഡില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ചും മരണത്തെ പോലും അപമാനിച്ചും നടത്തിയ മോഡിയുടെ പരാമര്‍ശം ഏറെ വിവാദങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. രാജീവ് ഗാന്ധിയെ മിസ്റ്റര്‍ ക്ലീന്‍ എന്നാണ് ഉപജാപകവൃന്ദം വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹം മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് എന്നായിരുന്നു മോഡിയുടെ വാക്കുകള്‍. ഈ പരാമര്‍ശവും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നില്ല എന്ന് കമ്മീഷന് ഒടുവില്‍ വിധിച്ചിരിക്കുകയാണ്.
Discussion about this post