ലഖ്നൗ: സൗദിയില്‍ വിവിധ കാരണത്താല്‍ ജയിലിലായിരുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ താന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അഭ്യര്‍ഥിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ആരുടെയും മതവിശ്വാസത്തെ നിന്ദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടന പിന്തുടരുക മാത്രമാണ് ചെയ്തതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
സ്ത്രീക്കും പുരുഷനും തുല്യഅവകാശങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയെന്നും അനേകം രാജ്യങ്ങളില്‍ മുത്തലാഖിന് അനുമതിയില്ല. മുസ്ലീം സ്ത്രീകള്‍ക്കുള്ള അതേ അവകാശം രാജ്യത്തു കൊണ്ടുവരികയാണ് തന്റെ സര്‍ക്കാര്‍ ചെയ്തത്- മോഡി വ്യക്തമാക്കി. ബിജെപിക്ക് മാത്രമേ രാജ്യത്തെ സേവിക്കാനാവൂ. ഒരു ഭീകരാക്രമണം ഉണ്ടായാലും സൈനികരുടെ മൃതദേഹം ദേശീയപതാകയില്‍ പൊതിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളും രാജ്യം ദു:ഖിക്കും. പക്ഷേ അതിന് പ്രതികാരമായി മിന്നലാക്രമണം നടത്തുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനം തോന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു.