ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടിയെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എനിക്കു നേരെയുണ്ടാകുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രിയായതിന് ശേഷമുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണവും. സ്വന്തം സുരക്ഷ പ്രതിപക്ഷപാര്‍ട്ടിയുടെ കൈകളിലുള്ള രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിയാണ് ഞാന്‍.’- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെച്ചേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആംആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട ശേഷം കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പരാതി ലഭിച്ചിട്ടില്ലെന്നാണ്. പരാതി ലഭിക്കാതെ തുടര്‍നടപടികളുമായി പോകാന്‍ പറ്റില്ലെന്നാണ്. കെജരിവാളിനെതിരായ ആക്രമണമല്ലിത്. ഡല്‍ഹിയുടെ അധികാരത്തിന്‍ മേലുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കെജവാളിന് നേരെ യുവാവ് അതിക്രമം നടത്തിയത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജവാളിന്റെ മുഖത്തടിയ്ക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.