ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് ‘ചൗകിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഹുല്‍ ഗാന്ധി ഇങ്ങനെ വിശേഷിപ്പിക്കാന്‍ ആരംഭിച്ചതോടെയാണ് മുദ്രാവാക്യം പ്രശസ്തമായത്.
എന്നാല്‍ ഈ മുദ്രാവാക്യം താനല്ല ജനങ്ങളാണ് ആദ്യമായി പറഞ്ഞതെന്ന് പറയുതകയാണ് രാഹുല്‍ ഗാന്ധി. താന്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉരുത്തിരഞ്ഞതാണ് ഈ മുദ്രാവാക്യം എന്നും രാഹുല്‍ ഗാന്ധി പറയുന്നു.
ഞാന്‍ ചത്തീസ്ഗഡില്‍ പ്രസംഗിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളിയിട്ടില്ല, കാവല്‍ക്കാരന്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു, കാവല്‍ക്കാരന്‍ നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല എന്ന് ഞാന്‍ പ്രസംഗത്തിനിടെ പറയുകയായിരുന്നു.
ജനക്കൂട്ടത്തില്‍ കുറെ യുവാക്കള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കാവല്‍ക്കാരന്‍ (ചൗകിദാര്‍) എന്ന് പറയുമ്പോള്‍ അവര്‍ കള്ളനാണ് (ചോര്‍ ഹെ) എന്ന് പറയാന്‍ ആരംഭിച്ചു’- രാഹുല്‍ ഗാന്ധി പറയുന്നു.
‘അപ്പോള്‍ ഞാന്‍ അവരോട് ഒരു വട്ടം കൂടെ അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗകിദാര്‍ ചോര്‍ ഹെ) എന്ന് പറഞ്ഞു. ഇത് എന്നില്‍ നിന്നുണ്ടായതല്ല. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുണ്ടായ മുദ്രാവാക്യമാണിത്’- മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറയുന്നു.