ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞുവീശിയ ഫോനി ചുഴലിക്കാറ്റ് ബാക്കിയാക്കിയത് കനത്ത നാശനഷ്ടങ്ങളാണ്. എന്നാല്‍ രാജ്യം കണ്ട ഏറ്റവും മികച്ച മുന്‍കരുതലുകളാണ് ഒഡീഷയിലെ ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചത്. 1999ല്‍ ഇവിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ ആയിരിക്കണക്കിനുപേരാണ് മരണപ്പെട്ടത്. ആ ദുരന്തത്തിന്റെ അനുഭവത്തില്‍ നിന്നും അധികൃതര്‍ എടുത്ത മുന്നൊരുക്കങ്ങളാണ് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഫോനിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്.
ഒഡീഷ ഗവണ്മെന്റ് എടുത്ത സുരക്ഷാ നടപടികള്‍ എടുത്ത് പറയാവുന്ന ഉദാഹരണമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഇക്കാര്യം ലോകത്തോട് പങ്കുവച്ചിരിക്കുകയാണ്. സംഭവിക്കാനിരുന്ന വലിയ ദുരന്തമാണ് അധികൃതരുടെ കൃത്യമായ മുന്നൊരുക്കത്തിലൂടെ ഒഴിവാക്കിയത്. പന്ത്രണ്ട് ലക്ഷത്തിലധികം പേരെയാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചാണ് ഒഡീഷ വന്‍ ദുരന്തത്തെ നേരിട്ടത്.
മുന്‍ പ്രകൃതി ദുരന്തങ്ങളുടെ അനുഭവത്തില്‍ സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. ഒഡീഷ പോലൊരു സംസ്ഥാനത്ത് ഇത്തരത്തില്‍ മികച്ച മുന്നൊരുക്കങ്ങളിലൂടെ നടത്തിയ തയ്യാറെടുപ്പ് ലോകത്തിന് തന്നെ മാതൃകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പങ്കുവച്ചിരിക്കുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി വിമാന-ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ഫോണുകളിലൂടെ ജനങ്ങള്‍ക്ക് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങള്‍ നല്കി, എന്തിനും തയാറായി 43,000 വളണ്ടിയര്‍മാര്‍, 1,000 അടിയന്തര രക്ഷപ്രവര്‍ത്തകര്‍, ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്കി, ജനം കൂടുന്നിടത്തെല്ലാം കാറ്റിനെ കുറിച്ച് കൃത്യമായ വിവരം നല്കി. മല്‍സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്കി, ലൗഡ് സ്പീക്കറിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്കി. ഇങ്ങനെ പോകുന്ന ഒഡീഷയുടെ തയാറെടുപ്പുകള്‍. മുന്‍ അനുഭവങ്ങളില്‍ നിന്നും കൃത്യമായ പാഠം ഉള്‍ക്കൊണ്ട പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ ചെറുത്തുനില്‍പ്പെന്ന് വ്യക്തം.
വെള്ളിയാഴ്ച രാവിലെ തീരത്തേക്ക് ഫോനി ആഞ്ഞടിക്കാന്‍ തുടങ്ങി. മരങ്ങളും കെട്ടിടങ്ങളും ടവറുകളും നിലംപൊത്തി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് വിതച്ച ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാണ്. എന്നാല്‍ മരണനിരക്ക് കുറയ്ക്കാനായത് സര്‍ക്കാരിന്റെ മികവിന്റെ ഉദാഹരണമായി വിദഗ്ധര്‍ എടുത്തുകാട്ടുന്നു.
ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഒഡീഷയില്‍ മരണം 12 ആയി. പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. വരും മണിക്കൂറുകളില്‍ ഫോനി തീവ്ര ന്യൂനമര്‍ദമാകുന്നതോടെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒഡീഷ സാധാരണ ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങിയിരിക്കുകയാണ്. പ്രധാന റോഡുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിപക്ഷംപേരും. ഇന്ത്യയുടെ വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ തുടരും.
അതേസമയം, കാര്യമായ നാശമില്ലാതെ ബംഗാള്‍ കടന്ന ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ കനത്ത നഷ്ടമുണ്ടാക്കി. രണ്ട് വയസുള്ള കുഞ്ഞും നാല് സ്ത്രീകളും ഉള്‍പ്പെടെ 14 പേര് മരിച്ചു.
മണ്‍വീടുകളും ചെറിയ കെട്ടിടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റ് കണ്‍മുന്നിലെത്തിയിട്ടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറാത്തതാണ് ആഘാതം കൂടാന്‍ കാരണം.
Discussion about this post