നോയിഡ: തീ ആളിക്കത്തുന്ന വീടിനുള്ളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ച് വന്‍ ദുരന്തം ഒഴിവാക്കി പോലീസ് ഇന്‍സ്പെക്ടറുടെ ധീരത. നോയിഡയ്ക്ക് അടുത്ത് ബിലാസ്പുര്പുര് മേഖലയ്ക്ക് അടുത്ത് അലംഖനിയിലാണ് ഒരു വീടിന് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.
വിവരമറിഞ്ഞ് അവിടെയെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന എസ്ഐ അഖിലേഷ് കുമാര്‍ ദീക്ഷിത് ആണ് കത്തിപ്പടര്‍ന്ന തീയ്ക്കിടയിലൂടെ നടന്ന് വീട്ടിനുള്ളില്‍നിന്ന് സിലിണ്ടറുകള്‍ പുറത്തെത്തിച്ചത്.
സിലിണ്ടറിലേക്ക് തീപടരാന് ഒരുങ്ങുമ്പോഴായിരുന്നു അഖിലേഷ് കുമാറിന്റെ അവസരോചിതമായ ഇടപെടല്‍, അതാണ് വന്‍ അപകടം ഒഴിവാക്കിയത്.
അഖിലേഷ് കുമാറിന്റെ ജീവന്‍പണയം വച്ചുള്ള ധീരതയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാരും സോഷ്യല്‍ മീഡിയയും.
ഗീത, ഫൂല് സിങ് എന്നിവരുടെ വീടിനാണ് ഉച്ചയ്ക്കുശേഷം 3.15 ഓടോ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായത്. ഈ സമയം അയല്‍ക്കാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ വീടിന്റെ പകുതിയിലേറെ ഭാഗം കത്തിയമര്‍ന്നിരുന്നു.
എന്നാല്‍ ഒരു ബ്ലാങ്കറ്റ് ശരീരത്തില്‍ ചൂടി അഖിലേഷ് കുമാര്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ വിലക്കിയെങ്കിലും അദ്ദേഹം അത് കേള്‍ക്കാതെ ഉള്ളിലേക്ക് പോയി. തിരിച്ചെത്തുമ്പോള്‍ അഖിലേഷ് കുമാറിന്റെ കൈവശം രണ്ടു സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. രണ്ടും പാചകവാതകം നിറഞ്ഞ സിലിണ്ടറായിരുന്നു. വന്‍ അപകടമൊഴിവാക്കാന്‍ അഖിലേഷ് കുമാറിന്റെ ധീരത സഹായിച്ചു. സിലിണ്ടറുകള്‍ പൊട്ടിയിരുന്നെങ്കില്‍ സമീപത്തെ വീടുകള്‍ക്കും നാശമുണ്ടാകുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post