ന്യൂഡല്‍ഹി: അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളേയും കൊലപ്പെടുത്തി കുഴിച്ചു മൂടിയത് അഭയകേന്ദ്രം നടത്തിപ്പുകാരന് തന്നെ ആണെന്ന് സിബിഐ. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. സിബിഐ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ബ്രജേഷ് താക്കൂറും കൂട്ടാളികളുമാണ് കാരണം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂട്ടം പോലീസ് കണ്ടെടുത്തത്. സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്മശാനത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അഭയകേന്ദ്രത്തിലെ മറ്റ് പെണ്‍കുട്ടികളുടെ അസ്ഥിക്കൂടങ്ങളും പോലീസ് കണ്ടെടുക്കുകയായിരുന്നു.
ബ്രജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്പ് ഇവാന് വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ഇവിടെ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.
Discussion about this post