ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാക്കുകള്‍ ശരിവെച്ച് റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ. കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്തു മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വികെ സിങ് രംഗത്ത് വന്നതിനു പിന്നാലെയാണ് ഹൂഡ വാദം ശരിവെച്ച് രംഗത്ത് വന്നത്.
യുപിഎ കാലത്ത് സൈന്യം അത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനെ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ എന്നോ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കങ്ങളെന്നോ വിശേഷിപ്പിക്കാവുന്നതാണെന്ന് ഹൂഡ പറയുന്നു. എന്നാല്‍ അത് എന്നാണു നടന്നതെന്ന കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അവകാശ വാദം ഉന്നയിച്ചപ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്റെ തെളിവുകള്‍ ചോദിച്ചുകൊണ്ടാണ് വികെ സിങ് രംഗത്തെത്തിയത്.
താന്‍ പ്രധാനമന്ത്രിയായിരിക്കെ മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്നു മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് അതിന്റെ കൂടുതല്‍ വിവരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും രംഗത്തെത്തിയിരുന്നു. 2008 നും 2014 നും ഇടയിലുള്ള കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് സര്‍ക്കാര്‍ നടത്തിയെന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഒരിക്കലും അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വികെ സിങ് തെളിവ് ചോദിച്ച് രംഗത്തെത്തിയത്.
എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ അവകാശവാദമാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പ്രതികരിച്ചത്. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2016 ലാണ് നടന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതിന് മുന്‍പ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ ഒരു പുതിയ വ്യാജ അവകാശ വാദം കൂടി- എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയതത്. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് കോണ്‍ഗ്രസ് വാദം ശരിവെച്ച് റിട്ട. ലെഫ്. ജനറല്‍ ഡിഎസ് ഹൂഡ രംഗത്തെത്തിയിരിക്കുന്നത്.