ന്യൂഡല്‍ഹി: ബിജെപി നേതാവും വടക്ക് കിഴക്ക് ഡല്‍ഹി സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അദ്ദേഹം മികച്ച ഡാന്‍സര്‍ ആണെന്നും പക്ഷേ ജനസേവനം പറ്റിയ പണിയും അല്ലെന്നുമാണ് കെജരിവാളിന്റെ പരിഹാസം. ആം ആദ്മി സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവേയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനെതിരെയും ആം ആദ്മി സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെയ്ക്കെതിരെയുമാണ് ബിജെപി നേതാവായ മനോജ് തിവാരി മത്സരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് മനോജ് തിവാരിയെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി.
‘എങ്ങനെ ഡാന്‍സ് ചെയ്യാമെന്ന് മനോജ് തിവാരിയ്ക്ക് നന്നായി അറിയാം. എന്നാല്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെജിയ്ക്ക് ഡാന്‍സ് അറിയില്ല. പക്ഷേ എങ്ങനെ ജനസേവനം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വോട്ട് ചേയ്യേണ്ടത്. അല്ലാതെ നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്കല്ല.’ കെജരിവാള്‍ പറയുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ പ്രാധാന്യം ഉണ്ടെന്നും ഓരോ വോട്ടും ജനങ്ങള്‍ അതീവ ശ്രദ്ധയോടെ തന്നെ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നിങ്ങള്‍ തന്നെ നോക്കൂ. നിങ്ങളുടെ എംപി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്ത് വികസനമാണ് ഇവിടെ നടത്തിയത്. എന്ത് നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്? പ്രവൃത്തിയെ അടിസ്ഥാനമാക്കി വോട്ട് നല്‍കൂ, പേര് നോക്കിയല്ല- കെജരിവാള്‍ ചോദിക്കുന്നുണ്ട്.
Discussion about this post