ഷാര്‍ജ: ദുബായിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി. ദുബായിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുമായി രാജ്യം വിട്ട ദമ്പതികള്‍ ഹോങ്കോങ്ങിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യയില്‍ അറസ്റ്റിലായത്.
ദുബായിയിലെ ഡെയ്റ ഗോള്‍ഡ് സൂഖ് എന്ന കടയില്‍ നിന്നുമാണ് ദമ്പതികള്‍ ഡയമണ്ട് മോഷ്ടിച്ചത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പിന്നീട് മുംബൈയില്‍ നിന്നും ഹോങ്കോംഗിലേക്ക് മോഷണ മുതലുമായി കടക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ 20 മണിക്കൂറിനുള്ളില്‍ തന്നെ പിടിയിലായി. അതേസമയം മോഷണ മുതല്‍ പിടിക്കപ്പെടാതിരിക്കാന്‍ യുവതി ഡയമണ്ട് വിഴുങ്ങി. 3.27 ഗ്രാം തൂക്കം വരുന്ന ഡയമണ്ട് ആണ് യുവതി വിഴുങ്ങിയത്.
ദമ്പതികള്‍ക്ക് 40 വയസ് പ്രായം വരുമെന്ന് പോലീസ് അറിയിച്ചു. ഇന്റര്‍ പോളിന്റെയും ഇന്ത്യന്‍ പോലീസിന്റെയും സഹായത്തോടെ പിടികൂടിയ ദമ്പതികളെ പിന്നീട് അടുത്ത ഫ്ളൈറ്റില്‍ തന്നെ യുഎഇയിലേക്ക് തിരിച്ചയച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വസ്തുതകളെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കടയിലെത്തിയ യുവാവ് സെയില്‍സ്മാനോട് ഏറെ പ്രത്യേകതയുള്ള കല്ലുപതിപ്പിച്ച ആഭരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രവേശന കവാടത്തിലെത്തിയ യുവതി പ്രദര്‍ശനത്തിന് വെച്ചിരുന്ന ഡയമണ്ട് ആഭരണത്തിന്റെ വാതില്‍ തുറന്ന് വെള്ള നിറത്തിലുള്ള ഡയമണ്ട് കൈക്കലാക്കുകയും അത് തന്റെ ജാക്കറ്റിനടിയില്‍ ഒളിപ്പിച്ച് യുവാവിനൊപ്പം പുറത്തേക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് മാളിലെ വിശ്രമ മുറിയില്‍ പോയി വസ്ത്രം മാറിയ ദമ്പതികള്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി രാജ്യം വിടുകയും ചെയ്തു.
സംഭവം നടന്ന് മൂന്നു മണിക്കൂറിനുശേഷമാണ് കടയുടമ മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ സിസിടിവി ക്യാമറ പരിശോധിച്ച അദ്ദേഹം അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിയാന്‍ താമസിച്ചത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റ്മെന്റ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ അദല്‍ അല്‍ ജോക്കര്‍ പ്രതികരിച്ചു.
മോഷ്ടാക്കള്‍ ഇന്ത്യയിലേക്ക് കടന്നതായുള്ള വിവരത്തെ കുറിച്ച് മനസിലാക്കിയ പോലീസ് ഇന്ത്യന്‍ അധികാരികളുമായി ഇന്റര്‍ പോളിന്റെ സഹായത്തോടെ ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അടുത്ത ഫ്ളൈറ്റില്‍ തന്നെ യുഎഇയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ എക്സ് റേ പരിശോധനയില്‍ ഡയമണ്ട് യുവതിയുടെ വയറ്റില്‍ കണ്ടെത്തുകയും ഇത് പുറത്തെടുക്കാന്‍ ഡോക്ടറുടെ സഹായം ആവശ്യപ്പെട്ടതായും കേണല്‍ ജോക്കര്‍ അറിയിച്ചു. ദുബായ് പോലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മരി ആണ് പ്രതികളെ വിചാരണയ്ക്കെത്തിക്കാന്‍ സഹായിച്ചത്.
Discussion about this post