ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിലെ സീതാറാം മാറ്റണമെന്ന നിലപാട് എടുത്ത് ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത്. രൂക്ഷ വിമര്‍ശനമാണ് യെച്ചൂരിക്കെതിരെ ശിവസേന, ബിജെപി നേതാക്കള്‍ നടത്തുന്നത്. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങിന്റെ വാദത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്കിയ മറുപടിയെ തുടര്‍ന്നാണ് പേരിലെ മാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
രാമായണത്തിലും മഹാഭാരതത്തിലും അടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശമാണ് വിവാദത്തില്‍ കലാശിച്ചത്. ഇതിനെതിരെയാണ് ബിജെപിയും ശിവസേനയും യെച്ചൂരിക്കെതിരെ രംഗത്ത് വന്നത്. സീതാറാം യെച്ചൂരി ഭോപ്പാലില്‍ പ്രജ്ഞ സിങ് താക്കൂറിന്റെ അവകാശവാദത്തിനെതിരെയാണ് പ്രസ്താവന നടത്തിയത്. ”നിരവധി രാജാക്കന്മാര് യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമായണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്” – യെച്ചൂരി ചോദിക്കുന്നു.
ഹിന്ദുത്വ ആശയത്തിന്റെ പേരിലാണ് എല്ലാ സ്വകാര്യസേനയും രൂപീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ഹിന്ദുത്വ അജണ്ടയിലേയ്ക്ക് മാറി. പ്രജ്ഞ സിങ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഹിന്ദുത്വ വികാരം ഉണര്‍ത്താനാണെന്നും യെച്ചൂരി തുറന്നടിച്ചിരുന്നു. ഇതാണ് നേതാക്കളെയും ചൊടിപ്പിച്ചത്. സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറയുന്നത്. പേരില്‍ നിന്ന് സീതാറാം മാറ്റണെന്നാവശ്യപ്പെട്ട ശിവേസന, എല്ലായ്പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും വിമര്‍ശിച്ചു.
Discussion about this post