ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യൂനപക്ഷ സീറ്റ് ആയതിനാല്‍ ആണെന്ന മോഡിയുടെ പ്രസ്താവനയില്‍ ചട്ട ലംഘനം ഇല്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്.
ഹിന്ദു ന്യൂനപക്ഷ സീറ്റ് തെരഞ്ഞെടുത്തു എന്ന പ്രസ്താവന ചട്ടം ലംഘിക്കുന്നതല്ലെന്ന് കമ്മീഷന്‍ വിശദമാക്കി. കഴിഞ്ഞ മാസം 6 ന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
മോഡി ഇത് നാലാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ നിന്നും രക്ഷപ്പെടുന്നത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും വര്‍ധയിലെ വര്‍ഗീയ പ്രസംഗ പരാതിയിലും മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളുകയായിരുന്നു അന്ന്. ആണവായുധങ്ങള്‍ ദീപാവലിക്ക് പോട്ടിക്കാനുള്ളതല്ലെന്ന പ്രസ്താവനയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും പുല്‍വാമ വോട്ടിനായി ഉപയോഗിച്ച മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ, ബിഎസ്പി നേതാവ് മായാവതിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ചട്ടലംഘനത്തിന്റെ പേരില്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിലക്കിയിരുന്നു.
Discussion about this post