ന്യൂഡല്‍ഹി; മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മതആചാരങ്ങള് വിലക്കരുതെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. എംഇഎസ് കോളേജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ഗോയല്‍.
കഴിഞ്ഞ ദിവസമാണ് എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്ര ധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കുലര്‍. മുഖം മറയ്ക്കുന്നത് ഇസ്ലാം മതത്തില്‍ ഉള്ളതല്ലെന്നും 90 ശതമാനം മുസ്ലീം സ്ത്രീകളും മുഖം മറയ്ക്കാറില്ലെന്നും എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ സര്‍ക്കുലറിന് എതിരെ സമസ്ത രംഗത്ത് വന്നിരുന്നു. മത കാര്യങ്ങളില്‍ എംഇഎസ് ഇടപെടണ്ട എന്നായിരുന്നു സമസ്തയുടെ നിലപാട്. പിന്നാലെ ബുര്‍ഖ നിരോധനത്തിന് എതിരെ എംഇഎസ് കാസര്‍കോട് ഘടകം രംഗത്ത് വന്നു. എംഇഎസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ജില്ലാ ഘടകം വ്യക്തമാക്കി.
Discussion about this post