ന്യൂഡല്‍ഹി; യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവനയെ പരിഹസിച്ച് മോഡി. കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട് മാത്രമേ സാധിക്കൂ എന്ന് മോഡി പരിഹസിച്ചു. രാജസ്ഥാനിലെ സികാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയായിരുന്നു മോഡിയുടെ പരിഹാസം.
‘കോണ്‍ഗ്രസ് പറയുന്നത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്നാണ്. തീവ്രവാദികള്‍ക്കോ പാകിസ്താന് സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും അറിയില്ല. കടലാസിലോ വീഡിയോ ഗെയിമിലോ മാത്രം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ട് കാര്യമില്ലെന്നും, കടലാസില്‍ മാത്രമായാണ് മിന്നലാക്രമണങ്ങള്‍ നടത്തിയതെങ്കില്‍ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടെന്ത് കാര്യമെന്നും മോഡി പരിഹസിച്ചു.
സ്ട്രൈക്ക് എന്നൊരു വാക്ക് പോലും റിമോട്ട് കണ്ട്രോള് ഭരണകാലത്ത് കേട്ടിട്ടില്ല. 2016ലെ മിന്നലാക്രമണത്തെ അവര്‍ ആദ്യം പരിഹസിച്ചു. പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും എന്ന്- മോഡി പരിഹസിച്ചു.
യുപിഎ ഭരണ കാലത്ത് കോണ്‍ഗ്രസ് ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇത് തങ്ങളുടെ നേട്ടമായി അവകാശപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും ഇന്നലെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജീല് ശുക്ലയാണ് അവകാശ വാദം ഉന്നയിച്ചത്. പിന്നാലെയാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് മോഡി രംഗത്ത് വന്നത്.
Discussion about this post