അഹമ്മദാബാദ്: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അഹമ്മദാബാദില്‍ പൊതുസ്ഥലത്ത് മിമിക്രിയും ഗാനമേളയും പതിനാല് ദിവസത്തേക്ക് നിരോധിച്ചു. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ പതിനാല് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പതിനാല് ദിവസം ആയുധങ്ങളുമായി സഞ്ചരിക്കാനോ പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍, മിമിക്രി, ചിത്രപ്രദര്‍ശനം തുടങ്ങിയ നടത്താനോ പാടില്ലെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ നടക്കുന്ന കൂട്ടായ്മകളും പ്രതിഷേധങ്ങളും പതിനാല് ദിവസത്തേക്ക് കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം.
അതേസമയം, ഇത് സാധാരണ നടപടി ക്രമം മാത്രമാണെന്ന് പോലീസ് കമ്മീഷണര്‍ എകെ സിങ് വ്യക്തമാക്കി. പതിനാല് ദിവസത്തിന് ശേഷവും ആവശ്യമെങ്കില്‍ നിരോധനം നീട്ടുമെന്ന് കമ്മീഷണര്‍ അറിയിച്ചു.