ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. മണിക്കൂറില്‍ 245 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. അതേസമയം അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിരിക്കുകയാണ്.
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 20 വര്‍ഷത്തിനു ശേഷം രാജ്യത്തു വീശുന്ന അതിശക്തമായ ചുഴലിക്കാറ്റാണ് ഫോനി. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്തു നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ ഫോനി വീശുക. ഒഡിഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും ചുഴലിക്കാറ്റ് ബാധിക്കും.
ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി.
#WATCH Rain and strong winds hit Bhubaneswar as #FANI cyclone hits Puri coast with wind speed of above 175km/per hour. pic.twitter.com/QZYkk1EALI
— ANI (@ANI) May 3, 2019