ലഖ്‌നൗ: ഗ്രാമവാസികളിലൊരാളെ ആക്രമിച്ച പെണ്‍കടുവയെ ഗ്രാമവാസികള്‍ ചേര്‍ന്ന് ട്രാക്ടര്‍ ഇടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ദുധ്വാ ടൈഗര്‍ റിസര്‍വ്വിലാണ് സംഭവം നടന്നത്. ഗ്രാമവാസികളിലൊരാളെ പെണ്‍കടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗ്രാമവാസികളെല്ലാം ചേര്‍ന്ന് കടുവയെ ട്രാക്ടര്‍ കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു.
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രാമവാസികള്‍ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റര്‍ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നു.- ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹാവീര്‍ പറഞ്ഞു.
അതെസമയം കടുവയെ കൊന്ന സംഭവത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ വന്യമൃഗ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പാണ്ഡെ വ്യക്തമാക്കി.
സംരക്ഷിത മേഖലയ്ക്കുള്ളില്‍ വച്ചാണ് കടുവ ആക്രമിക്കപ്പെട്ടതെന്നും,അത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.