ന്യൂഡല്‍ഹി: പേറ്റന്റ് ലംഘിച്ച് ‘ലെയ്‌സ്’ നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്ന് ആരോപിച്ച് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്‌സികോ പിന്‍വലിച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പെപ്‌സികോ കേസ് പിന്‍വലിച്ചത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു.
പേറ്റന്റ് ലംഘിച്ച് ‘ലെയ്‌സ്’ നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്. ഈ ഇനം കര്‍ഷകര്‍ കൃഷി ചെയ്യരുതെന്നും ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. ലെയ്‌സ് ചിപ്‌സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഉരുളക്കിഴങ്ങായിരുന്നുവെന്നാണ് പെപ്‌സികോ വാദം.
അതെസമയം കര്‍ഷകര്‍ക്ക് എതിരെ കേസ് എടുത്തതിന് പിന്നാലെ പെപ്‌സിക്കോയ്ക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെപ്‌സിക്കോ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ക്യാമ്പെയ്‌നും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. കൂടാതെ ആള്‍ ഇന്ത്യ കിസാന്‍ സഭയും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയാറായത്.