ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിയോഗിച്ചിരിക്കുന്നത് എന്ന് താന്‍ പറഞ്ഞെന്ന പ്രചാരണങ്ങളെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് ഗുണം ചെയ്യുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രിയങ്ക വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം ശക്തി ഉപയോഗിച്ചാണ് പേരാടുന്നതെന്ന് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ ശക്തമായി തന്നെ ഓരോ മണ്ഡലങ്ങളിലും പോരാടും. ബിജെപിക്ക് ഗുണം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണ് ഭേദം എന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുക അല്ലെങ്കില്‍ അവരുടെ വോട്ട് വിഹിതം വെട്ടിക്കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നിരുന്നു.
Discussion about this post