ന്യൂഡല്‍ഹി: അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോഡിക്കെതിരെ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ കമ്മീഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ മോഡിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നത് കാണാമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നതു കാണാമെന്നും ബാലാവകാശ കമ്മീഷന്റെ കത്തില്‍ പറയുന്നുണ്ട്. ദേശീയപാര്‍ട്ടികള്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാന്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനോട്
ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു.
അമേഠിയില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തിയപ്പോഴാണ് കുട്ടികള്‍ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം മുഴക്കി അവരെ വരവേറ്റത്. പ്രിയങ്കയെ കണ്ട ആവേശത്തില്‍ കുട്ടികള്‍ മോഡിക്കെതിരെയും മുദ്രാവാക്യം മുഴക്കി. ഇത് കേട്ട് വാ പൊത്തി കുട്ടികളെ ആശ്ചര്യത്തോടെ പ്രിയങ്ക നോക്കുകയും അങ്ങനെ വിളിക്കരുതെന്നും നല്ല മുദ്രാവാക്യങ്ങള്‍ മതിയെന്നും ഉപദേശിക്കുന്നുണ്ട്. ഈ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Discussion about this post