ന്യൂഡല്‍ഹി: രണ്ട് ദിവസം മുമ്പാണ് ഇന്ത്യന്‍ സേന ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അതേസമയം സൈന്യത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് നേപ്പാള്‍. കാല്‍പ്പാടുകള്‍ യതിയുടേത് അല്ലെന്നും മറിച്ച് കരടിയുടേതാണെന്നുമാണ് നേപ്പാള്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തോട് പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ സേന യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന വെളിപ്പെടുത്തലുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ശാസ്ത്ര നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. രാജഗോപാല്‍ കമ്മത്തും രംഗത്തെത്തിയിരുന്നു. സൈനികര്‍ കണ്ടത് യതിയുടെ കാല്‍പ്പാടുകള്‍ അല്ല മറിച്ച് ഹിമാലയന്‍ കരടിയുടേതാണെന്ന് നിസ്സംശയം പറയാമെന്നും 17000 അടി ഉയരത്തിലെ തീവ്രമായ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാകൃതനായ ഹിമ മനുഷ്യനു കഴിയില്ലെന്നും പരിണാമ വഴിയില്‍ അതിനുള്ള ശേഷി ഹോമോസ്പീഷീസിനുണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യന്‍ സേന നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി വെളിപ്പെടുത്തിയത്. കാല്പ്പാടിന് 32*15 ഇഞ്ച് അളവുണ്ടായിരുന്നുവെന്നും ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു.
Discussion about this post