ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും, എന്നാല്‍ വോട്ടു നേടാന്‍ അതിനെ ഉപയോഗിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി മോഡി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ നേരിട്ട് സൈനിക നടപടിയില്‍ ഏര്‍പ്പെടുന്നതിന് പകരം, നയതന്ത്രപരമായി പാകിസ്താന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് തുറന്നു കാട്ടാനും ഒറ്റപ്പെടുത്താനുമാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്ന് മന്‍മോഹന്‍ സിങ് പറയുന്നു.
‘മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്കകം ഹാഫിസ് സയീദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ചൈനയെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലക്ഷറെ ത്വയ്ബ നേതാവിന്റെ തലയക്ക് പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക പ്രഖ്യാപിച്ചു എന്ന് ഉറപ്പു വരുത്താനും യുപിഎ സര്‍ക്കാറിന് സാധിച്ചു’- മന്‍മോഹന്‍ സിങ് പറഞ്ഞു.
Discussion about this post