ജയ്പുര്‍: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ രക്ഷാസമിതി നടപടി ഭീകരവാദത്തിന് എതിരായ പോരാട്ടത്തിലെ വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആദ്യ പടിയാണിതെന്നും മോഡി അവകാശപ്പെട്ടു. ജയ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇനി ആരെങ്കിലും രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയര്‍ത്തിയാല്‍, നമ്മള്‍ അവരുടെ വീട്ടില്‍ കയറി അവരെ ഇല്ലാതാക്കും. അവര്‍ വെടിയുണ്ടകള്‍ ഉതിര്‍ത്താല്‍ നമ്മള്‍ അവര്‍ക്കെതിരെ ബോംബ് വര്‍ഷിക്കും. ഇതൊരു തുടക്കം മാത്രമാണ്. ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണൂ എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
10 വര്‍ഷമായി ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുകെയും ബ്രിട്ടനും യുഎസ്സും അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം ഉന്നയിച്ചപ്പോഴെല്ലാം ചൈന വീറ്റോ പവര്‍ ഉപയോഗിച്ച് ആ ശ്രമത്തിന് തടയിടുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം സര്‍ക്കാരിന്റെ നേട്ടമായി ആഘോഷിക്കുകയാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന് അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കൊപ്പം നിന്നെന്നും 130 കോടി ഇന്ത്യക്കാരുടെ പേരിലുള്ള കൃതജ്ഞത ഞാനീ ഘട്ടത്തില്‍ അവരോട് രേഖപ്പെടുത്തുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഇത് മോഡിയുടെ മാത്രം വിജയമല്ല, ഇത് രാജ്യത്തെ 130 കോടി ജനങ്ങളുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post