ന്യൂഡല്‍ഹി: കൊച്ചിയിലെയും തൃശ്ശൂരിലെയും എടിഎം കവര്‍ച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലും രാജസ്ഥാനിലും തെരച്ചില്‍ നടത്തുന്ന അന്വേഷണ സംഘമാണ് മറ്റൊരു മോഷണ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ആദ്യ അറസ്റ്റാണിത്. ഇയാളെ ഈ മാസം 14 നകം തെളിവെടുപ്പിനായി കൊച്ചിയില്‍ കൊണ്ടുവരാനാണ് നീക്കം. ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് പ്രതികള്‍ എന്ന് പോലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. ഫോണ്‍ കോളുകളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയത്.
കോട്ടയത്തു നിന്ന് തുടങ്ങിയ മോഷണ ശ്രമങ്ങള്‍ നടത്തിയത് അഞ്ച് പേരില്‍ കൂടുതല്‍ ഉള്ള സംഘമാണ് എന്നാണ് നിഗമനം. ഇവരില്‍ മൂന്ന് പേര്‍ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളും രണ്ട് പേര്‍ ഹരിയാനയിലെ മേവാഡ് സ്വദേശികളും ആണ്.
എറണാകുളം ഇരുമ്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായി അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത്.