ജീവനക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി ‘വിസ്താര’; പുതിയ നിയമന നടപടികളില്‍ പ്രഥമ പരിഗണന ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക്

പുതിയ റിക്രൂട്ട്‌മെന്റില്‍ ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ആയിരിക്കും മുന്‍ഗണന എന്നും കമ്പനി അറിയിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തലാക്കിയ ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി ‘വിസ്താര’. ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന സംരംഭമാണ് വിസ്താര. നൂറ് പൈലറ്റുമാരെയും നാനൂറ് ക്യാബിന്‍ ക്രൂവിനെയും പുതുതായി നിയമിക്കാനാണ് വിസ്താര പദ്ധതി ഇട്ടിരിക്കുന്നത്. പുതിയ റിക്രൂട്ട്‌മെന്റില്‍ ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ആയിരിക്കും മുന്‍ഗണന എന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിലച്ചതോടെ ജെറ്റ് എയര്‍വേസിന്റെ ഏകദേശം 22,000 ജീവനക്കാരാണ് തൊഴില്‍ രഹിതരായത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവര്‍ ജോലി നഷ്ടപ്പെട്ട ചിലര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു.

ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയതോടെ ജോലി നഷ്ടമായവരില്‍ 1,300 ഓളം പൈലറ്റുമാരും രണ്ടായിരത്തിലേറെ ക്യാബിന്‍ ക്രൂ ജീവനക്കാരും ഉള്‍പ്പെടുന്നു. അതേസമയം ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ക്ക് മുമ്പ് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ ശബളമാണ് സ്‌പൈസ് ജെറ്റ് അടക്കമുളള കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന റിപ്പോര്‍ട്ടുമുണ്ട്.

Exit mobile version