ലഖ്നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ലഖ്നൗവില്‍ നിന്ന് മത്സരിക്കുന്ന തന്റെ സുഹൃത്തായ പൂനം സിന്‍ഹയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി നേതാവും നടിയുമായ ജയാ ബച്ചന്. രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് മോഡിയെ പരോക്ഷമായി പരാമര്‍ശിച്ച് ജയാ ബച്ചന് പ്രചാരണ യോഗത്തില്‍ പറഞ്ഞത്. പൂനം സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്, പുതിയ സ്ഥാനാര്‍ത്ഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളതെന്നും ജയാ ബച്ചന് പറഞ്ഞു.
‘നിങ്ങളെനിക്കിത് (പൂനം സിന്‍ഹയുടെ വിജയം) ഉറപ്പ് തരണം. ഇല്ലെങ്കില്‍ അവളെന്നെ മുംബൈയില്‍ കടക്കാന്‍ അനുവദിക്കില്ല. അവളെന്റെ സുഹൃത്താണ്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ നല്ല അടുപ്പത്തിലാണ്’ എന്നാണ് ജയാ ബച്ചന് തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞത്.
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ത്ഥിയാണ് മുന്‍ ബോളിവുഡ് താരം കൂടിയായ പൂനം സിന്‍ഹ. 193 കോടി രൂപയുടെ ആസ്തിയാണ് പൂനത്തിനുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെതിരെയാണ് പൂനം മത്സരിക്കുന്നത്. മെയ് 6നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
Discussion about this post