ചെന്നൈ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളോടും പോരാടി വിജയത്തിലെത്തിയ ഗോമതി മാരിമുത്തു ഇന്ന് നമുക്കെല്ലാം മാതൃകയാണ്. വിധി പലപ്പോഴും അവളെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തി, എന്നാല്‍ അവള് എല്ലാം തട്ടി മാറ്റി വിജയത്തിലേയ്ക്ക് കുതിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും സാമ്പത്തിക ബാധ്യതയും മാത്രം നിറഞ്ഞ ജീവിത്തോട് ഓടിനേടിയ സ്വര്‍ണ്ണം കൊണ്ടാണ് ഗോമതി മറുപടി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഗോമതിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രംഗത്ത് വന്നിരിക്കുകയാണ് മക്കള്‍ സെല്വന് വിജയ് സേതുപതി.
പൊരുതി നേടിയ വിജയത്തിന് അഭിനന്ദനങ്ങള്‍ നേര്ന്നതിനു പുറമെ കഷ്ടതകള്‍ക്കുള്ള ചെറിയ ആശ്വാസം കൂടി നല്‍കുന്നുണ്ട് താരം. അഞ്ച് ലക്ഷം രൂപയാണ് ഗോമതിയ്ക്കായി വിജയ് സേതുപതി നല്‍കിയത്. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററിലാണ് ഗോമതി സ്വര്‍ണ്ണം നേടിയത്. ഷൂട്ടിങ് തിരക്കിനായതിനാല്‍ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ വഴിയാണ് തുക കൈമാറിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കിയിട്ടുണ്ട്.
കടന്നുപോയ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഗോമതി വെളിപ്പെടുത്തിയത്:
അച്ഛനായിരുന്നു കരുത്ത്. എന്നാല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛന് ഈ സ്കൂട്ടറില്‍ കൊണ്ടുവിടും” പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല.
പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാന്‍
പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന് എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന് വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കില്‍ നില്ക്കുമ്പോഴെല്ലാം അത് ഓര്‍മ്മയിലെത്തും. ഈ നിമിഷത്തില്‍ എന്റെ അച്ഛന് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛന്.
Discussion about this post