ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വ്വീസുകള്‍ നിര്‍ത്തേണ്ടി വന്ന ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാരെ ജോലിക്കെടുത്ത് വിസ്താര. ജെറ്റ് എയര്‍വെയ്‌സിലെ ഏകദേശം നൂറോളം പൈലറ്റുമാര്‍ക്കും 450 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കുമാണ് വിസ്താര ജോലി നല്‍കിയത്.
ടാറ്റാ ഗ്രൂപ്പ്- സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ജെവി എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര, ജെറ്റ് വിമാനങ്ങള്‍ വാങ്ങിക്കുവാനും പദ്ധതിയിടുന്നുണ്ട്. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോഎയര്‍ എന്നീ കമ്പനികളും ജെറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്തിരുന്ന പൈലറ്റുമാര്‍ക്കും കാബിന്‍ ജീവനക്കാര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.
കൂടാതെ, ടാറ്റ ജെവി എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവ ജെറ്റിന്റെ ബോയിങ് 737 വാങ്ങിക്കാനും പദ്ധതിയിടുന്നുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ജെറ്റിന്റെ ബി777, ബി737 എന്നീ വിമാനങ്ങള്‍ വാങ്ങിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിമാനങ്ങള്‍ ഇതുവരെ അവര്‍ വാങ്ങിയിട്ടില്ല.
ശനിയാഴ്ച ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ന് പുറത്താണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജെറ്റ് എയര്‍വെയ്സിന്റെ യൂനിഫോമില്‍ എത്തിയ ജീവനക്കാര്‍ മൗന പ്രതിഷേധമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ക്ക് വിസ്താര ജോലി നല്‍കിയത്.
ഒരു കാലത്ത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിടയില്‍ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന ജെറ്റ് എയര്‍വെയ്‌സിന് 123 വിമാനങ്ങളുണ്ടായിരുന്നു. 8000 കോടിയോളം രൂപയുടെ നഷ്ടത്തിലായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് ഏഴ് വിമാനങ്ങളിലേക്ക് സര്‍വീസ് ചുരുക്കിയിരുന്നു. കോടികള്‍ കടബാധ്യതയിലേക്ക് കൂപ്പുകുത്തിയതോടെ ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതയും കമ്പനിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു.