ലക്‌നോ: സുല്‍ത്താന്‍പൂരിലെ അര്‍ജുന്‍പുര്‍ ഗ്രാമത്തിലെ കര്‍ഷകന്റെ കൃഷിയിടമാണ് പശുക്കള്‍ ഒറ്റദിവസം കൊണ്ട് തകിടം മറിച്ചത്. അലഞ്ഞുതിരിയുന്ന നാട്ടിലെ പശുക്കളെല്ലാം കൂടി കര്‍ഷകന്റെ പാടത്തിറങ്ങി കൃഷിയെല്ലാം ചവിട്ടി മെതിക്കുകയായിരുന്നു. മികച്ച വിളവ് പ്രതീക്ഷിച്ചിരുന്ന കര്‍ഷകന്‍ ഇന്ന് തോരാതെ കണ്ണീര്‍പൊഴിക്കുകയാണ്.
നിരവധി കര്‍ഷകര്‍ ഉടമകളില്ലാത്ത പശുക്കള്‍ മൂലം ബുദ്ധിമുട്ടുകയാണ്. അലഞ്ഞുതിരിയുന്ന പശുക്കള്‍ ഇന്ന് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് കൊടുംദുരിതമാണ്. പശുക്കള്‍ കൂട്ടത്തോടെ കൃഷിയിടത്തിറങ്ങുന്നത് കര്‍ഷകര്‍ക്ക് നോക്കി നില്‍ക്കാനെ കഴിയുന്നുള്ളൂ. നൂറു കണക്കിന് പശുക്കള്‍ അലഞ്ഞുതിരിയുന്നതിനാല്‍ ഇവയെ തടയാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുമില്ല. മാത്രമല്ല, കാലികളെ തല്ലിയോടിച്ചാല്‍ ഗോരക്ഷകരുടെ തല്ല് കര്‍ഷകര്‍ കൊള്ളേണ്ടി വരികയും ചെയ്യും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് വന്നതോടെ സംസ്ഥാനത്ത് ഗോവധം നിരോധിച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടി സമ്മാനിച്ചിരിക്കുകയാണ്. കറവവറ്റിയതും പ്രായമായതുമായ കാലികളെ ഉടമകള്‍ കൂട്ടത്തോടെ പൊതുവഴിയില്‍ ഉപേക്ഷിക്കുന്നതാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായിരിക്കുന്നത്. ഇവ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന് പുറമേ പാടത്തിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമാണ്.
ഒരു പശുവിന് തീറ്റ നല്‍കാന്‍ മാസം ആറായിരം രൂപ വരെ ചിലവാകുന്നുണ്ടെന്നും ഉപയോഗമില്ലാതെ ഇവയെ വളര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് കാലികളെ ഉപേക്ഷിക്കുന്നവരുടെ വാദം. മുന്‍കാലങ്ങളില്‍ ഇത്തരം കാലികളെ അറവുശാലകളിലേക്ക് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഗോരക്ഷകരെ ഭയന്ന് ഇന്ന് കാലികളെ ആരും വാങ്ങാന്‍ തയാറാകുന്നില്ലെന്നാണ് കാലി കര്‍ഷകരുടെ പരാതി.