ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍വ്യോമസേന പാകിസ്താനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നഷ്ടം സംഭവിച്ചത് എയര്‍ ഇന്ത്യയ്ക്ക് കൂടിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്താന്റെ വ്യോമമേഖല അടച്ചിട്ടതുകാരണമാണ് എയര്‍ ഇന്ത്യയ്ക്ക് 300 കോടി നഷ്ടം സംഭവിച്ചത്. പാക് വ്യോമമേഖല അടച്ചിട്ടതിനാല്‍ യുഎസ്, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ ദൂരംകൂടിയ വഴി ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വന്നിരുന്നു.
ഇന്ത്യയുടെ സുപ്രധാന വ്യോമ ഇടനാഴിയുടെ മധ്യത്തിലാണ് പാകിസ്താന് സ്ഥിതി ചെയ്യുന്നത്. വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്ന ഒപിഎസ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത് വ്യോമമേഖലയിലെ ഈ നിയന്ത്രണം ദിവസം 350 വിമാനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ്.
ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലപ്പോഴും നേരിട്ട് പാകിസ്താനിലൂടെ കടന്നുവരികയാണ് ചെയ്യാറുണ്ടായിരുന്നത്. എന്നാലിപ്പോള്‍ വിമാനം വായുവില്‍ കൂടുതല്‍ സമയം തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധന ചിലവുകളും ക്യാമ്പിന് സ്റ്റാഫുകളുടെ ചിലവുകളും കൂടി. ഒപ്പം ചില വിമാനങ്ങള്‍ വെട്ടിച്ചുരുക്കേണ്ടി വന്നതും കൂടിയായതോടെ ദിവസം ആറ് കോടിയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. ഈ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
പണം മാത്രമല്ല, സമയ നഷ്ടവും വിമാന കമ്പനികളേയും യാത്രക്കാരേയും വലയ്ക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും യുഎസിലേക്കു പോകുന്ന വിമാനം നിലവില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വരെ കൂടുതല്‍ എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. യൂറോപ്പിലേക്കുള്ള വിമാനം ഏതാണ്ട് രണ്ട് മണിക്കൂര്‍ അധിക സമയം എടുക്കുന്നുണ്ട്.
Discussion about this post