ന്യൂഡല്‍ഹി: രാജ്യത്തിന്റെ പൊതുകടം മോഡി സര്‍ക്കാരിന് കീഴില്‍ 57 ശതമാനമായി വര്‍ധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ആരോപണം. 2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള മോഡിയുടെ ഭരണ കാലയളവിനിടയില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തെന്നും ഇതുകൊണ്ട് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോഡി സര്‍ക്കാര്‍ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കണക്കുകള്‍ മറച്ചുവയ്ക്കുന്നത് മോഡി സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയായിരുന്നുവെന്നും സുര്‍ജേവാല വിമര്‍ശിച്ചു. നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോഡി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോഡി സര്‍ക്കാര്‍ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേര്‍ത്താല്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post